മഥുര : ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഖപ്പാർപൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ 5 അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെ ന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
കർഷകനായ മനീഷ് കുമാർ (35), മനീഷി കുമാറിന്‍റെ ഭാര്യ,3 മക്കൾ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷിന്‍റെ മരണം വൈദ്യുതാഘാതം കാരണമാണെന്ന് പോലീസ് പറയുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹണി, പ്രിയൻഷി, പ്രതീക് എന്നീ 3 കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു.
സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു കൂട്ട ആത്മഹത്യയാകാനാണ് സാധ്യത കൂടുതലെന്ന് സീനിയർ സൂപ്രണ്ടന്റ് ഓഫ് പോലീസ് ശ്ലോക് കുമാർ പ്രതികരിച്ചു.
മനീഷിന്‍റെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്, താനും ഭാര്യയും സ്വമേധയാ ജീവിതം അവസാനിപ്പിക്കുകയാണെന്നും, തങ്ങളുടെ മരണത്തിന് ആരെയും ഉത്തരവാദിയാക്കരുത്, സംഭവവുമായി ബന്ധപ്പെട്ട് ആരെയും പീഡിപ്പിക്കരുത്, തനിക്ക് യാതൊരു കട ബാധ്യതകളുമില്ല, ആരെങ്കിലും കടം വാങ്ങിയെന്ന് അവകാശപ്പെട്ട് പണം ആവശ്യപ്പെട്ടാൽ നൽകരുതെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
മരിച്ച ദമ്പതികൾ 2018 ലാണ് വിവാഹിതരായതെന്നും, ഇത്തരമൊരു തീരുമാനം എടുക്കാൻ എന്ത് കാരണമാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല, ആരോടും യാതൊരു തർക്കവും ഉണ്ടായിരുന്നില്ല എന്നും ഒരു ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു.
