രാമപുരത്ത് രാഷ്ട്രീയ സൂചനകൾ മാറുന്നു ? ജോസഫ് ഗ്രൂപ്പ് നേതാവിന്റെ മകൻ എൻഡിഎ സ്ഥാനാർഥിയെ ഹാരമണിയിച്ച് സ്വീകരിച്ചു

രാമപുരം : പാലാ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഷോൺ ജോർജിന്റെ മണ്ഡലതല പര്യടനത്തിന് രാമപുരത്ത് ശ്രദ്ധേയമായ തുടക്കം.

രാമപുരം പഞ്ചായത്തിലെത്തിയ ഷോൺ ജോർജിനെ ജോസഫ് ഗ്രൂപ്പ് നേതാവും രാമപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.എ ജോസ് ഉഴുന്നാലിയുടെ മകൻ സിബിൻ ജോസ് ഹാരമണിയിച്ച് സ്വീകരിച്ചതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.

രാമപുരം സർവീസ് സഹകരണ ബാങ്കിൽ വി.എ ജോസിന്റെ നടപടികൾക്കെതിരെ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ ഇതിനോടകം ശക്തമായ സാഹചര്യത്തിലാണ് ഈ സ്വീകരണം നടന്നത്. ഇതോടെ പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ സൂചനകളാണ് ഉയരുന്നതെന്ന വിലയിരുത്തലാണുള്ളത്.

യു.ഡി.എഫ് അനുഭാവികളുടെ ഇടയിലും ഈ സംഭവത്തിന് പിന്നാലെ ചർച്ചകൾ ശക്തമായിട്ടുണ്ട്. ജോസഫ് ഗ്രൂപ്പുമായി ബന്ധമുള്ള നേതാവിന്റെ കുടുംബത്തിൽ നിന്നുള്ള ഇത്തരം സ്വീകരണം രാഷ്ട്രീയ നിലപാടുകളിലെ മാറ്റത്തിന്റെയോ  സൂചനയാണോയെന്ന ചോദ്യമാണ് ഉയരുന്നത്.

ഇതിനിടെ, മണ്ഡലതല പര്യടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ഷോൺ ജോർജ് അഭിപ്രായപ്പെട്ടു . വിവിധ പ്രദേശങ്ങളിലായി ജനങ്ങളുടെ പിന്തുണ വർധിച്ചുവരുന്നതായും എൻഡിഎ നേതാക്കൾ വ്യക്തമാക്കി. 2004 ൽ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന പി സി തോമസിന്റെ വിജയമാണ് തങ്ങൾ പാലായിൽ ലക്ഷ്യമിടുന്നതെന്നും അവർ  പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!