✍️ കെ ഡി ഹരികുമാർ
കോട്ടയം : പാലായില്‍ ഇന്ന് നടന്ന നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങിനിടയില്‍ അപൂര്‍വ കാഴ്ചയ്ക്കും വേദിയായി. ഒരേ പാര്‍ട്ടിയുടെ പ്രതിനിധികളായി അച്ഛനും, മകനും പത്രിക സമര്‍പ്പിക്കാന്‍ എത്തിയതാണ് കൗതുകമായി മാറിയത്. ഒരു വീട്ടില്‍ നിന്നുമാണ് ഇരുവരും വരണാധികാരിമാരായ ആർഡിഒ , തഹസീല്‍ദാർ എന്നിവരുടെ മുമ്പിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
മറ്റാരുമല്ല ഈ സ്ഥാനാര്‍ത്ഥികള്‍, ബിജെപി ദേശീയ സമിതി അംഗം പി. സി. ജോര്‍ജും, മകന്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജുമായിരുന്നു അത്. ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ സ്ഥാനാര്‍ത്ഥികളായി വരുന്നത് ഒരു പക്ഷേ ബിജെപി യുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായിരിക്കും. അതും തൊട്ടടുത്ത നിയോജക മണ്ഡലങ്ങളായ പാലായിലും, പൂഞ്ഞാറിലും.
രാവിലെ 11 മണിയോടെയാണ് ഇരുവരും പാലാ മിനി സിവില്‍ സ്‌റ്റേഷനിലെത്തിയത്. പി സി ജോര്‍ജ് ആര്‍ഡിഒ മുഹമ്മദ് സഫീറിന് മുമ്പിലും, ഷോണ്‍ ജോര്‍ജ് തഹസീല്‍ദാര്‍ രഞ്ജിത്ത് ജോജ് മുമ്പാകെയുമാണ് പത്രക സമര്‍പ്പിച്ചത്.
കഴിഞ്ഞ കാലങ്ങളിലെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ പി. സി ജോര്‍ജിന് തുണയായി എത്തുകയെന്ന ചുമതലയായിരുന്നു ഷോണിന് ഉണ്ടായിരുന്നത്. ഇത്തവണയത് മാറി സ്വന്തമായി പത്രിക നല്‍കാനുള്ള അവസരം കൈവന്നു. ഇത് വളരെ അപൂര്‍വമായ ഒരു സംഭവമാണെന്നും, പാര്‍ട്ടിക്കുള്ള വിശ്വാസ്യതയാണ് മത്സരാര്‍ത്ഥിയായി മാറാന്‍ അവസരം ലഭിച്ചതെന്നുമാണ് ഷോണ്‍ പറയുന്നത്.
പൂഞ്ഞാറില്‍ പത്താമത് തവണയാണ് മുന്‍ എംഎല്‍എ കൂടിയായ പി. സി. ജോര്‍ജ് മത്സരത്തിന് ഇറങ്ങുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഷോണ്‍ ജോര്‍ജിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണിത്.
