ഞങ്ങൾക്കിഷ്ടമായി സർക്കാർ ബോട്ട് സർവ്വീസ് : ഫ്രാൻസ് ദമ്പതികൾ

മുഹമ്മ (ആലപ്പുഴ) : സംസ്ഥാന  ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു സർവ്വീസ് നടത്തുന്ന മണിയാപറമ്പ് ബോട്ട് സർവ്വീസാണ് ഫ്രാൻസ് ദമ്പതികൾക്ക് പ്രിയമായത്.

ഇന്നലെ രാവിലെ 11.30 യ്ക്ക് മുഹമ്മയിൽ നിന്നു മണിയാപറമ്പിലേയ്ക്ക് സർവ്വീസ് ആരംഭിച്ച ബോട്ടിലാണ് ഫ്രാൻസ് വിനോദ സഞ്ചാരികളായ മൈക്കൾ ജോണും , ജൂലിയും യാത്ര ആരംഭിച്ചത്.

വേമ്പനാട്ട് കായലിനെയും , ലോക പ്രശസ്തമായ പാതിരാമണൽ ദ്വീപിനെയും കുറിച്ച്  മൈക്കൾ ജോണിനും , ജൂലിയ്ക്കും ബോട്ട് ജീവനക്കാർ വിവരിച്ച് കൊടുത്തു. 

രണ്ട് മണിക്കൂർ യാത്രയിൽ  കുമരകത്തെ ചീപ്പുങ്കൽ തുടങ്ങുന്ന ചെറിയ ഇടതോടുകളിലൂടെയുള്ള യാത്ര  ദമ്പതികൾക്ക് പ്രിയമായി. നിരവധി രാജ്യങ്ങളിൽ യാത്ര ചെയ്തവരാണ് മൈക്കൾ ജോണും , ഭാര്യ ജൂലിയും. എന്നാൽ അവരുടെ ജീവിതത്തിൽ ആദ്യമായാണ് കേരളത്തിലെ സർക്കാർ സംവിധാനമായ ജല ഗതാഗത വകുപ്പിലെ മണിയാപറമ്പ് ബോട്ട് സർവ്വീസിൽ നിന്ന് ഉണ്ടായ നല്ല നിമിഷങ്ങൾ.

ഏറ്റവും കുറഞ്ഞ ചെലവിൽ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരം ഒരുക്കിയ കേരള സർക്കാരിനെയും , ജല ഗതാഗത വകുപ്പിനെയും ഫ്രാൻസ് ദമ്പതികൾ അഭിനന്ദിച്ചു.

മണിയാപറമ്പ് ബോട്ട് ജീവനക്കാരായ സ്രാങ്ക് ആദർശ് കുപ്പപ്പുറം, മാസ്റ്റർ മധു , ലാസ്ക്കർമാരായ ബച്ചൻ മുഹമ്മ, മനോജ് , ഡ്രൈവർ ബിജു കണ്ണക്കര എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!