സ്കൂൾ ക്വിസ് വിവാദം: കൂടുതൽ പേർക്ക് പങ്കുണ്ടെങ്കിൽ നടപടിയെന്ന് മന്ത്രി

കാസർകോട്: സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ നിലപാട് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ.

വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ട പരിപാടിയായിരുന്നില്ല ക്വിസ് മത്സരമെന്നും മന്ത്രി വ്യക്തമാക്കി. പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ചരിത്രപരമായ വസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിഭാഗത്തിനായി സംഘടിപ്പിച്ച ‘ഫ്രീഡം ക്വിസ്’ മത്സരത്തിന്റെ ചോദ്യാവലിയിലാണ് വി. ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെട്ടത്. ചോദ്യം പുറത്തുവന്നതോടെ സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയായിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തത്. അന്വേഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!