മൂലമറ്റം : അടിസ്ഥാന സൗകര്യമില്ല, കൂടെ വന്യമൃഗ ശല്യവും. ജനിച്ച നാടും മണ്ണും ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് അറക്കുളം പഞ്ചായത്തില്‍ പൊട്ടന്‍പടി പ്രദേശത്തുള്ളവര്‍. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വന്യമൃഗങ്ങളുടെ ശല്യംമൂലം കൃഷി ചെയ്യാന്‍ സാധിക്കാത്തതുമാണ് സ്ഥലം വനം വകുപ്പിന് കൈമാറാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇതിനാവശ്യമായ അപേക്ഷകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍ .
100 ലേറെ കുടുംബങ്ങളാണ് വന്യമൃഗശല്യം മൂലം ഈ പ്രദേശം വനംവകുപ്പിന് കൈമാറുന്നതിനായി നവകിരണം പദ്ധതി വഴി അപേക്ഷ നല്കുന്നത്. കുളമാവ് വനത്തിനും മൂലമറ്റം ടൗണിനും ഇടയില്‍ നാടുകാണി മലയുടെ താഴ്ഭാഗത്തുള്ള വരാണ് ഇപ്പോള്‍ പദ്ധതി പ്രകാരം അപേക്ഷ നല്കുന്നത്.
വനത്തിനുള്ളില്‍ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ വനവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പി ക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതിയാണ് റീബില്‍ഡ് കേരള ഡവലപ്‌മെന്റ് സ്വയം, സന്നദ്ധ പുനരധിവാസ പദ്ധതി.
പൊട്ടന്‍പടി മലനിരകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതിരുന്നതിനാല്‍ ഒട്ടേറെ കുടുംബങ്ങളാണ് കുറെ കാലങ്ങളായി ബുദ്ധിമുട്ടുന്നത്. ഇതോടൊപ്പം ഇവിടെ കാട്ടുപന്നി, കുരങ്ങ് മുള്ളന്‍പന്നി അടക്കമുള്ള വന്യജീവികളുടെ ശല്യം കൂടി രൂക്ഷമായതോടെ കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായി. ഇതാണ് പ്രദേശത്തുള്ളവര്‍ ചെറിയ തുകയ്ക്ക് സ്ഥലം വനംവകുപ്പിന് കൈമാറി ഇവിടെ നിന്നും പാലായനം ചെയ്യാന്‍ ഒരുങ്ങുന്നത്.
നിലവില്‍ മൂലമറ്റം ടൗണില്‍ വരെ വന്യജീവികള്‍ എത്തിത്തുടങ്ങി. പൊട്ടംപടി മലനിരകളില്‍ നിന്നും ജനവാസം ഒഴിവാകുന്നതോടെ മൂലമറ്റം ടൗണില്‍ വന്യമൃഗങ്ങള്‍ സ്ഥിരമായി എത്തുന്നതിനും സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇത് ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്.