ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ ബിസിസിഐ ആദരിക്കും. ബിസിസിഐ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങായ നമാന്‍ അവാര്‍ഡ്‌സ് 2026 വേദിയില്‍ വച്ചായിരിക്കും ആദരം. നാളെയാണ് അവാര്‍ഡ് ദാന ചടങ്ങ്.
ഈ ടീമിനൊപ്പം 2025ലും 26ലുമായി ഐസിസി കിരീടങ്ങള്‍ നേടിയ വിവിധ കാറ്റഗറിയിലുള്ള നാല് ടീമുകളേയും ബിസിസിഐ ചടങ്ങില്‍ ആദരിക്കുന്നുണ്ട്. 2025ല്‍ കന്നി ഏകദിന ലോകകപ്പ് നേടിയ വനിതാ ടീം, 2025ലെ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ പുരുഷ സംഘം, 2025ല്‍ അണ്ടര്‍ 19 കിരീടം നേടിയ വനിതാ ടീം, ഈ വര്‍ഷം ആറാം വട്ടവും അണ്ടര്‍ 19 ലോക ചാംപ്യന്‍മാരായ കൗമാര സംഘം എന്നിവയാണ് ആദരിക്കപ്പെടുന്ന മറ്റ് ടീമുകള്‍.
ചടങ്ങില്‍ മികച്ച ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ശുഭ്മാന്‍ ഗില്ലിന് സമ്മാനിക്കും. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്മൃതി മന്ധാനയ്ക്കും നല്‍കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, റോജര്‍ ബിന്നി, മിതാലി രാജ് എന്നിവര്‍ക്ക് ചടങ്ങില്‍ വച്ച് നല്‍കും.
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും നല്‍കുന്നുണ്ട്. ഇറ ജാദവ്, ഷെഫാലി വര്‍മ, ആയുഷ് മാത്രെ, ഹര്‍ഷ് ദുബെ എന്നിവര്‍ക്കാണ് ഈ അവര്‍ഡുകള്‍ ലഭിക്കുക. മികച്ച ക്രിക്കറ്റ് അസോസിയേഷനുള്ള പുരസ്‌കാരം മുംബൈ ക്രിക്കറ്റ് അസോസിയേഷനും സ്വീകരിക്കും.
ഗൗതം ഗംഭീറിന്റെ പരിശീലനത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചരിത്ര നേട്ടത്തോടെ മാര്‍ച്ച് എട്ടിനു അരങ്ങേറിയ ടി20 ലോകകപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കിയത്. 3 ടി20 ലോകകപ്പുകള്‍ നേടുന്ന ആദ്യ ടീമായും ലോക കിരീടം നിലനിര്‍ത്തുന്ന ആദ്യ സംഘമായും സ്വന്തം നാട്ടില്‍ ടി20 ലോകകപ്പ് നേടുന്ന ആദ്യ സംഘമായും ഇന്ത്യ മാറിയിരുന്നു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ നേട്ടം.
