കൊടും ക്രിമിനലുകളോട് പോലും ഈ രീതിയില്ല… പൊലീസിനെതിരെ സിപിഎം…

കണ്ണൂർ : രാഷ്ട്രീയ സംഘർഷ കേസിൽ പാർട്ടി പ്രവർത്തകരുടെ വിരലടയാളവും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്ന പൊലീസിനെതിരെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്ത്. ശ്രീകണ്ഠപുരത്തെ സിപിഎം-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രവർത്തകരെ വിളിച്ചുവരുത്തി സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെയാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

കൊടും ക്രിമിനലുകളോട് പോലും സ്വീകരിക്കാത്ത തരത്തിലുള്ള നടപടികളാണ് പൊലീസ് സിപിഎം പ്രവർത്തകരോട് കാട്ടുന്നതെന്ന് ജില്ലാ നേതൃത്വം ആരോപിക്കുന്നു. അടിപിടി കേസുകളിൽ ഉൾപ്പെട്ട പാർട്ടിക്കാരെ സ്റ്റേഷനിൽ വിളിപ്പിച്ചു വിരലടയാളം പതിപ്പിക്കുന്നതിനൊപ്പം, കണ്ണിന്റെ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇത് തികഞ്ഞ “കാടത്തമാണ്” എന്ന് കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി.

യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണോ ഇത്തരം നടപടികളെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അതേസമയം, സിപിഎം ആരോപണങ്ങളെ പ്രതിരോധിച്ചു പൊലീസ് രംഗത്തെത്തി. ഇത് പൂർണ്ണമായും നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നാണ് പൊലീസിന്റെ വിശദീകരണം. ഗൗരവതരമായ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ മാത്രമാണ് ഇത്തരത്തിൽ വിളിപ്പിച്ചു വിവരങ്ങൾ ശേഖരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!