ചണ്ഡിഗഡ് : ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 ക്രിക്കറ്റ് മത്സരം ഇന്ന് നടക്കും. ആദ്യമായി പുരുഷ രാജ്യാന്തര മത്സരത്തിനു വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണി മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.
കട്ടക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ നേടിയ 101 റണ്‍സ് വിജയത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. കൂറ്റന്‍ വിജയം നേടിയപ്പോഴും, വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും നായകന്‍ സൂര്യകുമാര്‍ യാദവും ബാറ്റിങ്ങില്‍ ഫോമിലേക്ക് ഉയരാത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. ടി 20യില്‍ ഓപ്പണറായി മൂന്നു സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനെ തഴഞ്ഞാണ് ഗില്ലിന് തുടരെ അവസരം നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നാലു റണ്‍സെടുത്ത് ഗില്‍ പുറത്തായി. നായകന്‍ സൂര്യകുമാര്‍ യാദവാകട്ടെ, കഴിഞ്ഞ 21 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടിയിട്ടില്ല. ടി20 ടീമിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിങ് നിരയും ഫോം വീണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവി മറികടന്ന്, വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് പ്രോട്ടീസ് ടീമിന്റെ ശ്രമം. പരിക്കിനുശേഷം ആൻറിച്ച് നോർഗ്യെ തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയ്‌ക്ക് കരുത്ത് പകരും. എയ്‌ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കുന്നത്. ബാറ്റർമാർക്കും പേസർമാർക്കും അനുകൂലമായ പിച്ചാണ് മുല്ലൻപൂരിൽ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
