റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോളിന് മറ്റൊരു നാണക്കേടിന്റെ ചരിത്രം കൂടി. പ്രാദേശിക പ്രൊഫഷണൽ ലീഗായ കാമ്പിയോനാറ്റോ മിനീറോയുടെ ഫൈനലിൽ 23 തവണയാണ് റഫറി ചുവപ്പ് കാർഡുകൾ പുറത്തെടുത്തത്. മിനീറോ സ്റ്റേഡിയത്തിൽ ചിരവൈരികളായ അത്‌ലറ്റിക്കോ മിനീറോയും ക്രൂസീറോയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം നടന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് മത്സരത്തിൽ ക്രൂസീറോ ജയിച്ചെങ്കിലും പിന്നീട് നടന്ന കൂട്ടത്തല്ലിൽ കടുത്ത നടപടികൾ ക്ലബ്ബുകൾക്കെതിരെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അത്‌ലറ്റിക്കോ മിനീറോയുടെ ഗോൾകീപ്പറായ എവെർസണും ക്രൂസെയ്‌റോ മിഡ്ഫീൽഡർ ക്രിസ്റ്റ്യനും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നിലത്ത് വീണുകിടന്ന ക്രിസ്റ്റ്യനെ എവെർസൺ ബലം പ്രയോഗിച്ച് തള്ളിമാറ്റിയതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി.
വളരെപ്പെട്ടെന്ന് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളും കോച്ചിങ് സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും മൈതാനത്തേക്ക് കുതിച്ചെത്തി. താരങ്ങൾ പരസ്പരം ചവിട്ടിയും ഇടിച്ചും ഗ്രൗണ്ടിൽ ഏറ്റുമുട്ടി. ഒടുവിൽ മിലിട്ടറി പൊലീസ് ഇടപെട്ടാണ് താരങ്ങളെ പിടിച്ചുമാറ്റിയത്.
മത്സരം അവസാനിച്ചതിന് പിന്നാലെ റഫറിയായ മാത്യുസ് സംഭവങ്ങൾ വിലയിരുത്തി 23 താരങ്ങൾക്ക് ചുവപ്പ് കാർഡുകൾ നൽകി പുറത്താക്കുക ആയിരുന്നു. ഇതിൽ 12 പേർ ക്രൂസീറോ ടീമിൽ നിന്നുള്ളവരും 11 പേർ അഅത്‌ലറ്റിക്കോ മിനീറോയിൽ നിന്നുള്ളവരുമായിരുന്നു. സംഘർഷത്തിന് കാരണമായ എവെർസനും ക്രിസ്റ്റ്യനും ആദ്യം തന്നെ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. കൂട്ടയടിയിൽ ഉൾപ്പെട്ടതിനാണ് ശേഷിക്കുന്ന 21 താരങ്ങൾക്ക് റഫറി റെഡ് കാർഡ് നൽകിയത്.
