തൃശൂർ : തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുൻപ് രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, മരിച്ച രോഗിയോട് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പിന്റെ നോട്ടീസ്.
അഞ്ചുവർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഓട്ടോ ഡ്രൈവർ ആയ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ വയറ്റിലാണ് അഞ്ചുവർഷം മുമ്പ് കത്രിക മറന്നുവെച്ചത്. 2025ൽ ജോസഫ് പോൾ മരിച്ചു.
2020 മെയ് അഞ്ചിന് ആയിരുന്നു ആദ്യ ഓപ്പറേഷൻ കഴിഞ്ഞതെന്ന് ജോസഫിന്റെ ഭാര്യ പറയുന്നു. രണ്ട് ശസ്ത്രക്രിയകളാണ് നടത്തിയിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞും വയറ്റിൽ അസ്വഭാവികമായ വേദനയെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ എത്തി സിടി സ്‌കാനിങ്ങിന് വിധേയനായി. വയറ്റിൽ പഴുപ്പുണ്ടെന്നും അടിയന്തരമായി മറ്റൊരു അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ കുടുംബം സ്വകാര്യ ലാബിൽ എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.
തുടർന്ന് പരാതി നൽകുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ശസ്ത്ര്ക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയും ചെയ്തു. ഗ്യാസ്‌ട്രോ സർജനായ ഡോക്ടർക്കെതിരെ കുടുംബം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 2025 ജനുവരിയിൽ അർബുദത്തെ തുടർന്ന് ജോസഫ് മരണപ്പെടുന്നത്.
ഇപ്പോൾ ഈ കഴിഞ്ഞ 17നാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. ജോസഫ് പോളിന്റെ പേരിലായിരുന്നു നോട്ടീസ് ലഭിച്ചത്. തെളിവെടുപ്പിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
