പത്തനാപുരം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്.
പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ ആരോപിച്ചത്.
ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് ജെസ്സി റോഡിലേക്ക് തെറിച്ചുവീഴുകയാ യിരുന്നു. അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയി ൽ ജെസ്സിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പത്തനാപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്കാരം പിന്നീട് നടക്കും.
