തുടര്‍ചികിത്സയ്ക്കായി തൃശൂര്‍ ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൈക്കൂലി നൽകേണ്ടി വന്നു…

തൃശൂർ : ചികിത്സ പിഴവിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് കണ്ണിലെ കൃഷ്ണമണികൾ നീക്കേണ്ടി വന്നുവെന്ന തൃശൂർ തൃക്കൂർ സ്വദേശി സനൂപിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ കൂടുതൽ വെളിപ്പെടുത്തൽ. തുടർചികിത്സയ്ക്കായി എത്തിയ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി സനൂപിന്‍റെ അമ്മ വത്സല രംഗത്തെത്തി. സൗജന്യമായി മരുന്ന് ലഭിക്കുന്നതിനായി ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഇതിനായാണ് തൃശൂര്‍ ജില്ലാ ജനറൽ ആശുപത്രിയിലെത്തിയത്

ഒപ്പിടേണ്ട ഫയലുകളുമായി ഡോ. പ്രവീണിന്‍റെ മുറിയിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു സ്ത്രീ 200 രൂപ ഡോക്ടർക്ക് കൊടുക്കുന്നതാണ് കണ്ടത്. ഇത് കണ്ടെന്ന് അറിഞ്ഞതോടെ തന്‍റെ കയ്യിലിരുന്ന ഫയലുകൾ ഡോക്ടർ വലിച്ചെറിഞ്ഞെന്ന് സനൂപിന്‍റെ അമ്മ പറഞ്ഞു. അനുവാദമില്ലാതെ മുറിയിൽ പ്രവേശിച്ചു എന്ന് പറഞ്ഞ് നഴ്സുമാരും ഡോക്ടറും ചേർന്ന് ശാസിച്ചു. പത്തു മണിക്കുള്ളിൽ ഫയലിൽ ഒപ്പിട്ട് നൽകണമെന്ന് പറഞ്ഞപ്പോൾ, നേഴ്സ് ഡോക്ടറുടെ ഒപ്പ് വാങ്ങിതരുകയായിരുന്നു. എന്നാൽ, പണം നൽകാതെ ഡോക്ടർ ചികിത്സിക്കാൻ വരില്ലെന്ന് സമീപത്തുള്ള രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. മൂന്ന് ദിവസം പിന്നിട്ടിട്ടും മകനെ തിരിഞ്ഞ് നോക്കാതെ വന്നപ്പോൾ, തൃശ്ശൂർ ടൗണിൽ ഉള്ള ഡോക്ടർ പ്രവീണിന്‍റെ ക്ലിനിക്കിൽ എത്തി 1500 രൂപ നൽകുകയായിരുന്നുവെന്നും വത്സല പറഞ്ഞു. നാട്ടുകാർ സനൂപിനെ കാണാൻ വരുമ്പോൾ ചായയ്ക്കായി ഞങ്ങൾക്ക് നൽകിയ പത്തും അമ്പതും നുള്ളിപ്പെറുക്കിയാണ് ഡോക്ടർക്ക് കൊടുത്തതെന്നും പണം നൽകി പിറ്റേദിവസമാണ് ഡോക്ടർ സനൂപിനെ നോക്കാൻ വന്നതെന്നും സനൂപിന്‍റെ അമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!