ഇടവെട്ടി സിപിഎം ലോക്കൽ സമ്മേളനത്തിൽ കൂട്ടയടി; രാജിവച്ച ശേഷം ഓടിരക്ഷപ്പെട്ട് പുതിയ ലോക്കൽ സെക്രട്ടറി

തൊടുപുഴ  : സിപിഎം ലോക്കൽ കമ്മിറ്റി പ്രതിനിധികളുടെ തീരുമാനത്തിന് വിരുദ്ധമായി മറ്റൊരാളെ  ലോക്കല്‍ സെക്രട്ടറിയാക്കി. ഇതോടെ മുന്‍ തീരുമാനം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച്‌ വാക്കേറ്റവും കൂട്ടത്തല്ലും.

അടി കിട്ടിയതോടെ പദവി ഉപേക്ഷിച്ച്‌ പുതിയ സെക്രട്ടറിയും ഓടി രക്ഷപ്പെട്ടു. ഇടവെട്ടി സിപിഎം ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിലാണ് വാക്കേറ്റവും കൂട്ടത്തല്ലും ഉണ്ടായത്. ജില്ലയില്‍ നിന്നുള്ള ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റുവെന്ന് പറയുന്നു.

ടി എം ലത്തീഫിനെ വീണ്ടും സെക്രട്ടറിയാക്കാന്‍ 59 അംഗ പ്രതിനിധികള്‍ തീരുമാനിക്കുകയും 15 അംഗ കമ്മിറ്റിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിനിധികളുടെ തീരുമാനം അവഗണിച്ച്‌ മറ്റൊരാളെ സെക്രട്ടറിയായി പ്രഖ്യാപിച്ചതോടെ എതിര്‍പക്ഷം കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചൊതുക്കി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരിയും തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസലും ഒരു കണക്കിനാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. അടികിട്ടിയതോടെ പുതിയ സെക്രട്ടറി രാജി വയ്‌ക്കുന്നതായി പറഞ്ഞ് ഓടി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!