ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. സർക്കാർ നടത്തുന്ന ക്ഷേമ പദ്ധതികളിൽ ജനങ്ങളുടെ അഭിപ്രായം അറിയാൻ സർവേ നടത്തുന്നതിൽ എന്താണ് തെറ്റെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് സർവേ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് തടസ്സ ഹർജി ഫയൽചെയ്ത കോൺഗ്രസ് നേതാക്കൾക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നവകേരള സർവേ നടത്തുന്നത് ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തകരെ ഉപയോഗിച്ചാണെന്നും സർവേ സംബന്ധിച്ച പ്രഖ്യാപനം ആദ്യം നടത്തിയത് ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണെന്നും തടസ്സഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഏതെങ്കിലും ഒരു പ്രാദേശിക നേതാവ് നടത്തുന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിക്ക് തീരുമാനം എടുക്കാനാകുമോയെന്ന് സുപ്രീം കോടതി ചോദിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നൽകിയ അപ്പീലിൽ സുപ്രീം കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സർവേയ്ക്കായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്ന പണം സംബന്ധിച്ച കണക്ക് ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, സ്റ്റാൻറിങ് കോൺസൽ സി.കെ. ശശി, അഭിഭാഷകരായ വിനീത ബി., മീന കെ. പൗലോസ് എന്നിവർ ഹാജരായി. തടസ്സഹർജി ഫയൽചെയ്ത കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്തംഗം മുബാസ് ഓണക്കാലി എന്നിവർക്കുവേണ്ടി സീനിയർ അഭിഭാഷകൻ നരേന്ദ്ര ഹൂഡ, അഭിഭാഷകൻ അൽജോ കെ. ജോസഫ് എന്നിവർ ഹാജരായി.
