‘6ന് 254’… ചരിത്രത്തിലേക്ക് ‘ബാറ്റിങ് തീ’ പടർത്തിയ കരീബിയൻ ‘പവർ’

വാംഖഡെ: വാംഖഡെയില്‍ കരീബിയന്‍ സംഘം ഉയര്‍ത്തിയത് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍. ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിലാണ് സിംബാബ്‌വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വിന്‍ഡീസ് സംഘത്തിന്റെ കടന്നാക്രമണം സിംബാബ്‌വെയുടെ കണക്കുകള്‍ക്ക് അപ്പുറത്തായി. നിശ്ചിത ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 254 റണ്‍സ്. മത്സരത്തില്‍ വിന്‍ഡീസ് സിംബാബ്‌വെയെ 107 റണ്‍സിനു വീഴ്ത്തി. അട്ടിമറി വീരന്‍മാരുടെ ചെറുത്ത് നില്‍പ്പ് 17.4 ഓവറില്‍ വെറും 147 റണ്‍സില്‍ തീര്‍ന്നു.

2007ലെ പ്രഥമ ലോകകപ്പില്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260 റണ്‍സിന്റെ റെക്കോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഇതു മറികടക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല.

ഉയര്‍ന്ന ടോട്ടലുകള്‍

ശ്രീലങ്ക 6ന് 260, കെനിയക്കെതിരെ, 2007

വെസ്റ്റ് ഇന്‍ഡീസ് 6ന് 254, സിംബാബ്‌വെക്കെതിരെ, 2026

അയര്‍ലന്‍ഡ് 5ന് 235, ഒമാനെതിരെ, 2026

ഇംഗ്ലണ്ട് 8ന് 230, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, 2016

ദക്ഷിണാഫ്രിക്ക 4ന് 229, ഇംഗ്ലണ്ടിനെതിരെ, 2016

ശ്രീലങ്ക 5ന് 225, ഒമാനെതിരെ, 2026

ഇന്ത്യ 4ന് 218, ഇംഗ്ലണ്ടിനെതിരെ, 2007

വെസ്റ്റ് ഇന്‍ഡീസ് 5ന് 218, അഫ്ഗാനിസ്ഥാനെതിരെ, 2024

ദക്ഷിണാഫ്രിക്ക 4ന് 213, കാനഡയ്‌ക്കെതിരെ, 2026

ദക്ഷിണാഫ്രിക്ക 5ന് 211, സ്‌കോട്‌ലന്‍ഡിനെതിരെ, 2009

അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടക്കമിട്ട മിന്നലാക്രമണം പിന്നാലെ വന്ന വിന്‍ഡീസ് ബാറ്റര്‍മാരും ഏറ്റുപിടിച്ചതോടെയാണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ടീം ടോട്ടലും പിറന്നത്. 19 കൂറ്റന്‍ സിക്‌സുകളാണ് വാംഖഡെ മൈതാനത്തിന്റെ മുക്കിലും മൂലയിലും എത്തിയത്. വിന്‍ഡീസിനായി കളത്തിലെത്തിയ 8 ബാറ്റര്‍മാരില്‍ 6 പേരും സിക്‌സടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!