ചെന്നൈ: മികച്ച പ്രകടനം നടത്തിയിട്ടും നിരന്തരം പ്ലെയിങ് ഇലവനില്‍ നിന്നു പേസര്‍ അര്‍ഷ്ദീപ് സിങിനെ തഴയുന്നത് വലിയ ചര്‍ച്ചയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ഷ്ദീപ് കളിച്ചിരുന്നില്ല. പകരം പ്രസിദ്ധ് കൃഷ്ണയാണ് കളിച്ചത്. ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ് എന്നിവരുടെ ടീമിലെ സ്ഥാനം ഉറപ്പാണ്. എന്നാല്‍ മികവ് കാണിക്കാത്ത പ്രസിദ്ധിനെ എന്തിനിങ്ങിനെ കളിപ്പിക്കുന്ന എന്ന ചോദ്യം പല ആരാധകരും ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ഇതേ വിഷയത്തില്‍ അല്‍പ്പം രോഷത്തോടെ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍.
ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് മത്സര പരിചയം ആവശ്യമാണെന്നു വ്യക്തമാക്കിയാണ് ഇരുവരേയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യവും പറഞ്ഞ് അര്‍ഷ്ദീപിനെ ദീര്‍ഘനാള്‍ ഇങ്ങനെ ബെഞ്ചിലിരുത്തുന്നതിനെയാണ് അശ്വിന്‍ ചോദ്യം ചെയ്യുന്നത്.
‘ബൗളര്‍മാര്‍ തമ്മിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മത്സരം. പ്രസിദ്ധ് കൃഷ്ണയ്ക്കും ഹര്‍ഷിത് റാണയ്ക്കും മത്സര പരിചയം ആവശ്യമാണ്. എനിക്കതു മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ അര്‍ഷ്ദീപിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനത്തു നിന്നു ആരാണ് ചിന്തിക്കുക. അദ്ദേഹം എത്ര കളിച്ചു, കളിച്ചില്ല എന്നതല്ല. അദ്ദേഹം എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക എന്നതാണ് ചോദ്യം. മികച്ച പ്രകടനം നടത്തി. എന്നിട്ടും ഇപ്പോഴും ടീമില്‍ സ്ഥാനം കിട്ടാന്‍ വേണ്ടി അദ്ദേഹം പോരാടുകയാണ്.’
‘നിങ്ങള്‍ എന്തു തന്നെ പറഞ്ഞാലും ശരി ഇത് ആത്മവിശ്വാസത്തിന്റെ കളിയാണ്. ബൗളര്‍മാര്‍ക്കു മാത്രമാണ് ഈ അവസ്ഥ. ബാറ്റര്‍മാരുടെ കാര്യത്തില്‍ ഇതൊരിക്കലും സംഭവിക്കുന്നില്ല. ഞാന്‍ ഈ സാഹചര്യത്തിലൂടെ കടന്നുപോയ ആളാണ്. അതിനാല്‍ എനിക്കറിയാം കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന്. അതുകൊണ്ടാണ് ഞാന്‍ അര്‍ഷ്ദീപിനായി പോരാടുന്നത്. അദ്ദേഹത്തിനു അവസരം നല്‍കിയപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. തല ഉയര്‍ത്തിപ്പിടിച്ച് പ്ലെയിങ് ഇലവനിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുകയാണ് വേണ്ടത്. അദ്ദേഹം ഈ ബോസിനെ അര്‍ഹിക്കുന്നു.’
‘അദ്ദേഹം മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പക്ഷേ അദ്ദേഹത്തിനു ആദ്യ രണ്ട് ഏകദിനങ്ങളും കളിക്കാന്‍ എന്തുകൊണ്ടു സാധിച്ചില്ല എന്നതാണ്. എന്തായാലും ഇതെല്ലാം അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്ന കാര്യങ്ങളാണ്’- അശ്വിന്‍ വ്യക്തമാക്കി.
