എമ്പുരാന്‍ റീ എഡിറ്റിന്… 17ലേറെ ഭാഗങ്ങൾ ഒഴിവാക്കും

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത് തീയറ്ററുകളിലേക്ക്. പതിനേഴിലേറെ ഭാഗങ്ങള്‍ നിര്‍മാതാക്കള്‍ തന്നെ ഒഴിവാക്കും. രണ്ട് ദിവസത്തിനുള്ളില്‍ റീ എഡിറ്റിങ് പൂര്‍ത്തിയാകും. അടുത്തയാഴ്ചയോടെ റീ എഡിറ്റ് വേര്‍ഷന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങ ള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ സംഘപരിവാർ പ്രസ്ഥാനങ്ങളിലെ ചില സംഘടനകളിൽ നിന്നും പ്രതിഷേധം ശക്തമായി. ചിലയിടങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ  ക്യാന്‍സല്‍ ചെയ്യുന്ന സ്ഥിതിവിശേഷവും ഉണ്ടായി.

എന്നാല്‍ ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്.

മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കുമ്പോഴും ചിത്രത്തിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ പ്രവർത്തകരുടെ ഭാഗത്ത് നിന്നുള്ള ആക്രമണം തുടരുകയാണ്. പൃഥ്വിരാജിനെതിരെ വിദ്വേഷ പരാമര്‍ശവുമായി യുവമോര്‍ച്ച നേതാവ് കെ ഗണേഷ് രംഗത്തെത്തി. ആടുജീവിതം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ ദേശവിരുദ്ധമാണെന്നായിരുന്നു ഗണേഷിന്റെ ആരോപണം.  എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആർഎസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഓര്‍ഗനൈസറിന്റെ ലേഖനത്തിനെതിരെ എ എ റഹീം എം പി രംഗത്തെത്തി. ബഹിഷ്‌കരിക്കേണ്ടത് എമ്പുരാനല്ലെന്നും ഓര്‍ഗനൈസറിലെ ലേഖനമാണെന്നും എ എ റഹീം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!