റോസ് ഡേ വീഡിയോ പങ്കുവച്ചതിന് പിന്നാലെ യുവതിക്ക് നിയമക്കുരുക്ക്, പോലീസ് കേസെടുക്കാൻ കാരണം…

മുംഗർ (ബീഹാർ) : ദമ്പതികളുടെ റോസ് ഡേ വീഡിയോയ്ക്ക് പിന്നാലെ കേസ്. വീഡിയോയിൽ മദ്യകുപ്പി പ്രദർശിപ്പിച്ചതാണ് നിയമ കുരുക്കിന് കാരണം. മദ്യനിരോധനം നിലനിൽക്കെ മദ്യം പ്രദർശിപ്പിച്ചതിനാണ് കേസെടുത്തത്. കാഞ്ചൻ ദേവി എന്ന യുവതിക്കും, ഭർത്താവിനുമെതിരെയാണ് കേസ്,

കാഞ്ചൻ ദേവി തന്നെയാണ് ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്കിലും വീഡിയോ പങ്കുവെച്ചത്. ഭർത്താവിന് റോസാപ്പൂവ് നൽകിയ ശേഷം യുവതി ഒരു ഗ്ലാസ് പകരുകയും, കുപ്പി കൈമാറുകയും ചെയ്യുന്നത് കാണാം. ബിഹാറിൽ സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും, വിമർശനത്തിനും വഴിവച്ചു.

ഈ വീഡിയോയ്ക്ക് പിന്നാലെ യുവതി ബ്യൂട്ടി പാർലറിനുള്ളിൽ തോക്കേന്തി നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഇതോടെ മുംഗർ പോലീസ് സൂപ്രണ്ട് സയ്യിദ് ഇമ്രാൻ മസൂദിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. യുവതിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തു. അന്വേഷണത്തിൽ യുവതി കൈവശം വെച്ചിരുന്നത് ദീൻദയാൽ ചൗക്ക് സ്വദേശിയായ വിശാൽ കുമാർ എന്നയാളുടെ ലൈസൻസുള്ള തോക്കാണെന്ന് കണ്ടെത്തി. തോക്കിന് ലൈസൻസുണ്ടെങ്കിലും അത് പിടിച്ച് മറ്റൊരാൾ ഫോട്ടോ എടുക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നതും നിയമലംഘനമാണ്.

മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് മദ്യത്തിന്റെ പ്രചാരണം നടത്തുന്നതും പൊതുസ്ഥലത്ത് ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് എസ്പി പറഞ്ഞു. കാഞ്ചൻ ദേവിക്കും വിശാൽ കുമാറിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!