സിദ്ധാര്‍ത്ഥന്റെ മരണം: പ്രധാന പ്രതി പിടിയില്‍; നാലുപേരെ പുറത്താക്കിയെന്ന് എസ്എഫ്‌ഐ


കല്‍പ്പറ്റ : വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പിടിയില്‍. അക്രമം ആസൂത്രണം ചെയ്ത അഖില്‍ ആണ് കസ്റ്റഡിയിലായത്. പാലക്കാടു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കോളജ് യൂണിയന്‍ ഭാരവാഹികളായ നാലു പേരെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ആന്റി റാഗിങ് സെല്ലിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നടപടി സ്വീകരിച്ചിരുന്നു.

ഒരു കാമ്പസിലും ഉണ്ടാകാന്‍ പാടില്ലാത്തതായ ആക്രമണമാണ് സിദ്ധാര്‍ത്ഥിന് നേരെയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കൂടുതല്‍ അന്വേഷിക്കും. കൂടുതല്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരായിട്ടുണ്ടെങ്കില്‍ എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കും. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വരെല്ലാം എസ്എഫ്‌ഐക്കാ രാണെന്ന് കരുതുന്നില്ല. ഇതിന് സംഘടനാ നിറം നല്‍കേണ്ടതില്ലെന്നും ആര്‍ഷോ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ഇനി ഒരു കാമ്പസിലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്ത തരത്തില്‍ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ആക്രമണത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ ഒരാളെയും എസ്എഫ്‌ഐ സംരക്ഷിക്കില്ല. ഈ അക്രമം എസ്എഫ്‌ഐ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും പി എം ആര്‍ഷോ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ ഏതു സംഘടനയില്‍പ്പെട്ടവരായാലും സംരക്ഷിക്കില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. എസ്എഫ്‌ഐ കോളജ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ചിലര്‍ ചെയ്യുന്ന തെറ്റിന് സംഘടനയെ കുറ്റവാളിയെന്ന് പറയാമോയെന്നും മന്ത്രി രാജീവ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!