ചെന്നൈ: ടി20 ലോകകപ്പില്‍ വിജയത്തോടെ തുടക്കമിട്ട് ന്യൂസിലന്‍ഡ്. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ അവര്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്‍ മുന്നില്‍ വച്ച 183 റണ്‍സ് വിജയ ലക്ഷ്യം 17.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് സ്വന്തമാക്കിയത്.
എന്നാല്‍ സീഫെര്‍ടിനൊപ്പം ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ അവസരോചിത ഇന്നിങ്‌സുകളും കിവീസ് ജയം എളുപ്പമാക്കി. ഗ്ലെന്‍ ഫിലിപ്‌സ് 7 ഫോറും ഒരു സിക്‌സും സഹിതം 25 പന്തില്‍ 42 റണ്‍സെടുത്തു. മാര്‍ക് ചാംപ്യന്‍മാന്‍ 28 റണ്‍സും കണ്ടെത്തി.
ഡാരില്‍ മിച്ചല്‍ 14 പന്തില്‍ 25 റണ്‍സും സാന്റ്‌നര്‍ 8 പന്തില്‍ 17 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു ടീമിനെ ജയത്തിലെത്തിച്ചു.
അഫ്ഗാനായി മുജീബ് യുആര്‍ റഹ്മാന്‍ രണ്ട് വിക്കറ്റെടുത്തു. അസ്മതുല്ല ഒമര്‍സായ്, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ 35 പന്തില്‍ 63 റണ്‍സ് വാരിയ ഗുല്‍ബദിന്‍ നയ്ബിന്റെ ബാറ്റിങാണ് അഫ്ഗാന് കരുത്തായത്. താരം 4 സിക്‌സും 3 ഫോറും പറത്തി.
റഹ്മാനുല്ല ഗുര്‍ബാസ് (27), സെദിഖുല്ല അടല്‍ (29), ഡാര്‍വിഷ് റസൂലി (20), അസ്മതുല്ല ഒമര്‍സായ് (7 പന്തില്‍ 14) എന്നിവരും പൊരുതി. വെറ്ററന്‍ താര മുഹമ്മദ് നബി 7 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റെടുത്തു. മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിര്‍ ഓരോ വിക്കറ്റെടുത്തു.
