തിരുവമ്പാടിയിൽ വഴങ്ങുമോ മുസ്ലിം ലീഗ് ? യുഡിഎഫ് സീറ്റ് വിഭജനം എന്താകും?ജോസഫിനെ വൈകിപ്പിച്ചു വശത്താക്കാൻ കോൺഗ്രസ്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. പ്രധാന ഘടകകക്ഷികളായ കേരള കോൺഗ്രസ് (ജോസഫ്), മുസ്ലിം ലീഗ് എന്നിവരുമായുള്ള ചർച്ചകളിലെ അനിശ്ചിതത്വം മുന്നണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസ് കാര്യമായ ചർച്ചകൾക്ക് മുതിർന്നിട്ടില്ല. ഇത് മനപ്പൂർവം ചർച്ചകൾ നീട്ടിക്കൊണ്ടുപോയി ജോസഫ് ഗ്രൂപ്പിനെക്കൊണ്ട് വിട്ടുവീഴ്‌ചകൾ  ചെയ്യിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമാണെന്നാണ് വിലയിരുത്തൽ.

2021-ലെ പോലെ 10 സീറ്റുകൾ വേണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെടുമ്പോൾ, ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോതമംഗലം എന്നീ സീറ്റുകൾ തിരിച്ചെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിൽ ഇടുക്കി സീറ്റിൽ മന്ത്രി റോഷി അഗസ്റ്റിനെ നേരിടാൻ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്ന നിലപാടിലാണ് ഇടുക്കി ഡിസിസി.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റ് ലീഗിൽ നിന്ന് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കം മുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളും,  കുടിയേറ്റ കർഷകരുടെ സ്വാധീനവും പരിഗണിച്ച് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി വന്നാൽ വിജയിക്കാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. തിരുവമ്പാടി വിട്ടുനൽകാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് ലീഗ് ജില്ലാ നേതൃത്വം. തിരുവമ്പാടി വിട്ടുകൊടുത്താൽ പകരം തവനൂർ ലഭിക്കണമെന്ന് ലീഗ് ആഗ്രഹിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് അതിന് തയ്യാറല്ല. നിലവിലെ വിവരങ്ങൾ പ്രകാരം ലീഗ് 27 സീറ്റുകളിൽ മത്സരിക്കാനാണ് പ്രാഥമിക ധാരണ. തിരുവമ്പാടിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടായാൽ ഇന്ന് അന്തിമ ധാരണയായേക്കും.

മുന്നണിയിലെ പുതിയ അസോസിയേറ്റ് അംഗമായ സി.കെ. ജാനു മാനന്തവാടി, ബാലുശ്ശേരി സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മാനന്തവാടിയിൽ മത്സരിക്കാൻ ജാനു താല്പര്യം പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല. അതുപോലെ, കേരള കോൺഗ്രസ് (അനൂപ് ജേക്കബ് വിഭാഗം) പിറവത്തിനും കോതമംഗലത്തിനുമായി അവകാശവാദം ഉന്നയിച്ചു. എന്നാൽ കോൺഗ്രസ് പിറവം സീറ്റിൽ മാത്രമേ നിലവിൽ ഉറപ്പ് നൽകിയിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!