15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് കടക്കുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസര്‍ഗോഡ് പിടിയില്‍

കോഴിക്കോട് നിന്ന് 15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസർഗോഡ് പിടിയില്‍. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്‌ കേസിലെ പ്രതികളാണ് പോലീസിന്റെ സമർത്ഥമായ ഇടപെടലിലൂടെ പിടിയിലായത്.കോഴിക്കോട്ടെ സ്വർണ്ണാഭരണ നിർമ്മാതാവില്‍ നിന്നു തട്ടിയെടുത്ത 150 ഗ്രാം സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് രണ്ടു യുവതികളെ ഹോസ്ദുർഗ് പോലീസ് സാഹസികമായി പിടികൂടിയത്.

മുംബൈ ജോഗേഷ് വാരി സമർത്ഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിർദ്ധ, മുംബൈ വാദറ, രഞ്ജുഗന്ധ് നഗറിലെ സല്‍മാഖാദർ ഖാൻ എന്നിവരാണ് പിടിയിലായത്. സ്ഥാപന ഉടമ വടകര സ്വദേശി സുരേഷ് ബാബുവിൻ്റെ പരാതിയില്‍ കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണ് ഇരുവരും.കോഴിക്കോട് ചെറുവണ്ണൂർ ശാരദാമന്ദിരത്ത് നിന്ന് റഹ്‌മാൻ ബസാറിലേക്ക് പോകുന്ന വഴിയിലെ ആഭരണ നിർമ്മാണശാലയുടെ വാടക വീട്ടില്‍ വെച്ച്‌ ഇന്നലെയാണ് യുവതികള്‍ സ്വർണാഭരണങ്ങള്‍ കൈക്കലാക്കിയത്.

സ്ഥാപനത്തിലെ ജീവനക്കാരനായ ഹനീഫ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്ത് ജോലി ചെയ്‌തിരുന്ന ശ്രദ്ധ എന്ന ഫിർദ്ദയുമായി നേരത്തെ പരിചയത്തിലായിരുന്നു. ഈ ബന്ധത്തിന്റെ പേരിലാണ് യുവതികള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയത്. മുംബൈയില്‍ തുടങ്ങുന്ന ജ്വല്ലറിയിലേക്ക് 200 ഗ്രാം സ്വർണ്ണം എത്തിച്ചാല്‍ 60,000 രൂപ ലാഭം കിട്ടുമെന്നാണ് യുവതികള്‍ ഹനീഫയോട് പറഞ്ഞത്. വിവിധ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാൻ പാക്ക് ചെയ്‌ത്‌ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഹനീഫയുടെ മൊബൈല്‍ ഫോണും കൈക്കലാക്കിയാണ് മുങ്ങിയത്.

കോഴിക്കോട് രജിസ്ട്രേഷനുള്ള കാറില്‍ യാത്ര ചെയ്ത ഇവരെ പുതിയ കോട്ടയില്‍ റോഡ് ബ്ലോക്ക് ചെയ്താണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 150 ഗ്രാം സ്വർണ്ണാഭരണങ്ങള്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെത്തിയ നല്ലളം പോലീസ് യുവതികളെ കോഴിക്കോട്ടേക്ക് കൊണ്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!