ആരാധകരെ ഞെട്ടിച്ച് അര്‍ജിത് സിങ്, ഇനി സിനിമയിൽ പാടില്ല!

മുംബൈ: ആരാധകരെ നിരാശയിലാക്കി പിന്നണി ഗാനരംഗത്തു നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഗായകൻ അര്‍ജിത് സിങ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.

ഇതൊരു അദ്ഭുതകരമായ യാത്രയാണെന്ന് അര്‍ജിത് സിങ് കുറിച്ചു. ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു. പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പി ക്കുകയാണ്. സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ കാലങ്ങളിൽ ശ്രോതാക്കളെന്ന നിലയിൽ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി. ഇനി മുതൽ പിന്നണി ഗായകനായി പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാൻ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് അങ്ങേയറ്റം ദയ കാണിച്ചു. ഞാൻ നല്ല സംഗീതത്തിന്റെ ആരാധകനാണ്. ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി. തീർപ്പാക്കാത്ത ജോലികൾ ഞാൻ പൂർത്തിയാക്കും. അതിനാൽ ഈ വർഷം നിങ്ങൾക്ക് ചില റിലീസുകൾ പ്രതീക്ഷിക്കാം. ഞാൻ സംഗീതം ചെയ്യുന്നത് നിർത്തുന്നില്ല എന്നത് വ്യക്തമാക്കാനും ആഗ്രഹിക്കുന്നു’- അര്‍ജിത് സിങ് കുറിച്ചു.

ബോളിവുഡിനു നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പാട്ടുകാരനാണ് അര്‍ജിത് സിങ്. ആഷിഖി 2ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ഗാനങ്ങളടക്കം നിരവധി ശ്രദ്ധേയ പാട്ടുകൾ അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. രണ്ട് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!