2030 ന് മുൻപ് ഇന്ത്യയിൽ റെയിൽവേ ഗേറ്റുകൾ ഇല്ലാതാകും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ


ചങ്ങനാശ്ശേരി : 2030 ന് മുൻപ് ഇന്ത്യയിൽ റെയിൽവേ ഗേറ്റുകൾ ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി  ജോർജ് കുര്യൻ. റെയിൽവേ വികസനത്തിന്റെ ഭാഗമായി ആധുനിക ട്രെയിനുകൾ വരുന്നതോടെ റെയിൽവേ ഗേറ്റുകളെല്ലാം അണ്ടർബ്രിഡ്ജുകളോ ഓവർബ്രിഡ്ജുകളോ ആയി മാറുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

പുതുതായി സ്റ്റോപ്പ് അനുവദിച്ച തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ചങ്ങനാശ്ശേരിയിൽ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേ വികസന പ്രക്രിയയുടെ ഭാഗമായാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.


ഇന്ത്യയിൽ ഇനി വരാൻ പോകുന്നത് വന്ദേഭാരത് ട്രെയിനുകളാണെന്നും, വൈകാതെ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള അതിവേഗ ട്രെയിനുകൾ വരുമെന്നും ജോർജ് കുര്യൻ പറഞ്ഞു. ഭാവിയിൽ ദീർഘദൂര, അതിവേഗ ട്രെയിനുകളടക്കം എല്ലാ സ്റ്റേഷനുകളിലും നിർത്തുമെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചു. കേരളത്തിൽ 35 റെയിൽവേ സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്റ്റേഷനുകളുടെ വികസനത്തിനായി 2500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെ ന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളും അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കപ്പെടു മെന്നും ജോർജ് കുര്യൻ പറഞ്ഞു.

റോ‍ഡുകളും റെയിൽപ്പാതകളുമാണ് രാജ്യത്തിന്റെ പുരോഗതിയ്ക്ക് ആധാരമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, സമാന്തരപാതയായി വികസിപ്പിക്കപ്പെടുന്ന ശബരി പാത, പുനലൂർ റയിൽപ്പാത എന്നിവയുമായി ചങ്ങനാശ്ശേരി ബന്ധിപ്പിക്കപ്പെടുമെന്നും പ്രഖ്യാപിച്ചു. രാജ്യത്തെ റെയിൽവേ മേഖലയിൽ ഒരു വലിയ മാറ്റം നടക്കുകയാണെന്നും, ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി എംപിമാർക്കും എംഎൽഎമാർക്കും ട്രെയിൻ സ്റ്റോപ്പുകൾ ആവശ്യപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാ ണെന്നും, യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ചങ്ങനാശ്ശേരി സ്റ്റേഷൻ വരുമാനത്തിന്റെ കാര്യത്തിൽ മുൻപന്തിയി ൽ വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ  ദിവ്യകാന്ത് ചന്ദ്രകർ, സീനിയർ ഡി സി എം വൈ സെൽവൻ, ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!