ഇടുക്കി : പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മൂന്നു മാസങ്ങള്‍ക്കുമുമ്പ് അടച്ച വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ നടപടിയായില്ല. കാലാവസ്ഥ അനുകൂലമായിട്ടും ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ചില്ലുപാലം സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നു മാത്രമല്ല സര്‍ക്കാരിന് കോടികളുടെ നഷ്ടവുമുണ്ടാക്കുന്നു.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ചില്ലുപാലത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ അപകട സാധ്യത കണക്കിലെടുത്താ യിരുന്നു പാലം അടച്ചത്.
സമുദ്രനിരപ്പില്‍ നിന്ന് 3,500 അടി ഉയരത്തില്‍ 40 മീറ്റര്‍ നീളത്തില്‍ മലമുകളില്‍ നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ ഗ്ലാസ് ബ്രിഡ്ജ് 2023 സെപ്റ്റംബര്‍ ആറിറ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിനു സമര്‍പ്പിച്ചത്.
തുറന്നപ്പോള്‍ ആദ്യം 500 രൂപയായിരുന്നു പ്രവേശന നിരക്ക്. പിന്നീട് 250 രൂപയാക്കി കുറച്ചു. ചില്ലുപാലത്തിന്റെ പേരും പെരുമയും കേട്ടറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഒരു ദിവസം 1500 സന്ദര്‍ശകര്‍ക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശിക്കാന്‍ സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍, ഇതിന് ഇരട്ടി സഞ്ചാരികളാണ് എത്തിയിരുന്നത്.
ഒരേസമയം 15 പേര്‍ക്ക് ചില്ലുപാലത്തില്‍ ചെലവഴിക്കാം. ഒരാള്‍ക്ക് അഞ്ചു മിനിറ്റ് സമയമാണ് അനുവദിച്ചിരുന്നത്. ഒമ്പതു മാസം കൊണ്ട് ഡിടിപിസിക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനവും ലഭിച്ചു. ചില്ലുപാലത്തില്‍ കയറുന്നവരില്‍നിന്ന് ഈടാക്കുന്ന പണം 60 ശതമാനം നിര്‍മാതാക്കളായ സ്വകാര്യ കമ്പനിക്കും 40 ശതമാനം ഡിടിപിസിക്കുമാണ്.
എന്നാല്‍ ഇപ്പോള്‍ മൂന്നു മാസത്തില്‍ അധികമായി ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയാണ്. ഇതോടെ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുകയാണ്.
മെയ് 30ന് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവ് പ്രകാരം ചില്ലുപാലം അടച്ചത്.
കാലാവസ്ഥ അനുകൂലമായിട്ടും പാലം തുറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാലം നിര്‍മിച്ചത് പാര്‍ട്ണര്‍ഷിപ്പിലാണ്. പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും പാലം തുറക്കാതിരിക്കുന്നതിന് കാരണമാണെന്ന് സൂചനയുണ്ട്.
