ലോൺ അടച്ച് തീർക്കാനായില്ല, വീട് ജപ്തി ചെയ്‌ത് ബാങ്ക്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  വയോധികരും ഉൾപ്പെടെയുള്ള കുടുംബം പെരുവഴിയിൽ

ആര്യനാട് (തിരുവനന്തപുരം): ലോൺ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ബാങ്ക് വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായിരിക്കുകയാണ് അഞ്ച് മാസം പ്രായമായ കുഞ്ഞും വയോധികരും ഉൾപ്പെടെയുള്ള കുടുംബം.

പറണ്ടോട് തെങ്ങുംപുറം സജ്ന മൻസിലിൽ നിഹാസിന്റെ വീടാണ് പറണ്ടോട് ദേശസാൽകൃത ബാങ്ക് ജപ്തി ചെയ്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു ജപ്തി നടപടി നടന്നത്. ഇതോടെ അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും ഉൾപ്പെടെ രാത്രി ഏറെ വൈകിയും വീടിന് പുറത്ത് നിൽക്കേണ്ട അവസ്ഥയാണുണ്ടായത്. നിഹാസിനും ഭാര്യയ്ക്കും അഞ്ചുമാസമായ കുഞ്ഞും നിഹാസിന്റെ മാതാപിതാക്കളും മുത്തശ്ശിക്കുമായിരുന്നു ദുരനുഭവം ഉണ്ടായത്.

പ്രവാസിയായിരുന്ന നിഹാസ് വീട് വയ്ക്കുന്നതിനായി 11 ലക്ഷം രൂപ എൻആർഐ ഹൗസിങ് ലോൺ എടുത്തിരുന്നു. 2019ൽ 21 വർഷത്തെ കാലാവധിയിലാണ് ലോൺ എടുത്തത്. എന്നാൽ കോവിഡ് കാലത്ത് വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസിന് ഒരു അപകടത്തിൽ പരിക്കേൽക്കുകയും ഏറെക്കാലം ചികിത്സയിൽ കഴിയേണ്ട സ്ഥിതിവരികയും ചെയ്തു. ഇതോടെ മാസം 11,000 രൂപ വച്ചുള്ള അടവ് മുടങ്ങി. പിന്നീട് ചികിത്സയ്‌ക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്ത് പിതാവിന്റെ ജോലിയായ ചുമട്ടുതൊഴിൽ സ്വീകരിക്കുകയും ചെയ്തു.

ഇതിനിടെ കുടിശ്ശികത്തുക നിലനിർത്തി ബാക്കി തുക അടയ്ക്കുകയും സാവധാനം കുടിശിക അടച്ചു തീർക്കാമെന്ന് നിഹാസ് ബാങ്ക് അധികൃതരുമായി സംസാരിക്കുകയും ചെയ്തെങ്കിലും ബാങ്ക് ഇത് അനുവദിച്ചില്ല. മുഴുവൻ തുകയും അടയ്ക്കണമെന്നായിരുന്നു ബാങ്കിന്റെ നിലപാടെന്ന് നിഹാസ് പറയുന്നു.

5 ലക്ഷത്തോളം രൂപ ഇതിനോടകം തിരിച്ച് അടച്ചുകഴിഞ്ഞിട്ടുണ്ട്. ബാക്കി തുകയും എങ്ങനെയെങ്കിലും കണ്ടെത്തി അടയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇന്നലെ ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്തത്. ഇതോടെ 6 അംഗ കുടുംബം പെരുവഴിയിലാവുകയായിരുന്നു. പോകാൻ മറ്റൊരു സ്ഥലം ഇല്ലാത്തതിനാൽ രാത്രി മുഴുവൻ വീടിന് പുറത്ത് കിടന്ന് അവർ നേരം വെളുപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!