ചോറ്റാനിക്കര : സംഭാവനയ്‌ക്ക് രസീത് ചോദിച്ച ഗൃഹനാഥന്റെ പല്ലുകള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ക്രിസ്മസ് കരോള്‍ സംഘം അടിച്ചു കൊഴിച്ചു.
ചോറ്റാനിക്കര നാഗപ്പാടി ചിറപ്പാട്ട് വീട്ടിലായിരുന്നു അക്രമം. അടിയേറ്റ വീട്ടുടമ സി.എ. തങ്കച്ചന്റെ (59) നാലു പല്ലുകള്‍ നഷ്ടമായി. വാരിയെല്ലിനും പൊട്ടലുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്കച്ചന്റെ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് കേസെടുത്തു.
20ലേറെപ്പേർ അടങ്ങിയ സംഘമാണ് രാത്രി 9ന് വീട്ടിലെത്തിയത്. പാട്ടും നൃത്തവും കഴിഞ്ഞപ്പോള്‍ ഇവർക്ക് തങ്കച്ചൻ 100 രൂപ കൊടുത്തു. രസീത് ചോദിച്ചപ്പോള്‍, കഴിഞ്ഞ വർഷവും താൻ രസീത് ചോദിച്ചതല്ലേ എന്നുപറഞ്ഞ് മുഖത്തടിക്കുകയായിരുന്നു. തങ്കച്ചനും ഭാര്യ ലിസിയും 90 വയസുള്ള അമ്മ അന്നമ്മയും അകത്തുകയറി വാതിലടച്ചെങ്കിലും തള്ളിത്തുറന്ന് തങ്കച്ചനെ വീണ്ടും മർദ്ദിച്ചതായും പറയുന്നു.
പിൻവാതില്‍ വഴി പുറത്തേക്കോടിയ തങ്കച്ചന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ സംഘം ഓടിമറഞ്ഞു. ഇവരില്‍ ഏഴുപേരെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രായപൂർത്തിയാകാത്തതിനാല്‍ മൊഴിയെടുത്ത് വിട്ടയച്ചു. അതേസമയം, തങ്ങളെ ആള്‍ക്കൂട്ട വിചാരണ നടത്തി മർദ്ദിച്ചതായി കുട്ടികള്‍ മൊഴി നല്‍കി.
സംഭാവനയ്‌ക്ക് രസീത് ചോദിച്ച ഗൃഹനാഥന്റെ പല്ലുകൾ ക്രിസ്മസ് കരോള്‍ സംഘം അടിച്ചു കൊഴിച്ചു
