കോട്ടയം മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽ
ആത്മഹത്യാ ഭീഷണി മുഴക്കി ഇതര സംസ്ഥാന തൊഴിലാളി,  അഗ്‌നിശമന സേന സാഹസികമായി കീഴ്‌പ്പെടുത്തി

കോട്ടയം : ഗാന്ധിനഗർ മെഡിക്കൽ കോളേജ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ അഗ്‌നിശമന സേന കീഴ്‌പെടുത്തി പോലീസിനു കൈമാറി. ഛത്തീസ്ഗഡ് സ്വദേശി സുരേന്ദ്ര ബാബു(36)നെയാണ് സേന പിടികൂടിയത്. 

ഇന്നലെ പുലർച്ചെ മൂന്നേകാലോടെയായിരുന്നു  സംഭവം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വിളിച്ചറിയിച്ചതിനെ തുടർന്ന് കോട്ടയം അഗ്‌നിരക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ശിവകുമാർ, സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ സാബു എന്നിവരുടെ നേതൃത്വത്തിൽ സേന സ്ഥലത്ത് എത്തി. ഈ സമയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുകളിൽ കയറി നിന്ന് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബഹളം വെക്കുകയും മുകളിൽ നിന്നും ചാടുമെന്ന് പറഞ്ഞു ഭീഷണി ഉയർത്തുകയുമായിരുന്നു. പോലീസ്  സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും അവർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം ആയിരുന്നു.

ഇയാൾ ലേബർ ക്യാമ്പിൽ അടിയുണ്ടാക്കി പരിക്കുപറ്റി രണ്ട് ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിക്ക് ഇയാൾ മെഡിക്കൽ കോളേജിലെ ഒരു ഐസിയു വാർഡ് അടിച്ചു തകർത്തിട്ട് ബഹളം വെച്ചു കൊണ്ട് കെട്ടിടത്തിന്റെ മുകളിലേക്ക് ഓടികയറി. ടിൻ ഷീറ്റിന് മുകളിൽ കയറി ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. അഗ്‌നിരക്ഷാ ജീവനക്കാർ ഏകദേശം അര മണിക്കൂറോളം അനുനയശ്രമം നടത്തിയെങ്കിലും താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ല.

തുടർന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അബ്ബാസി കെട്ടിടത്തിന് മുകളിലെ ടിൻ ഷീറ്റിൽ ഇയാൾ നില്ക്കുന്ന ഭാഗത്തേക്ക് കയറി  താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.  ഇതോടെ യുവാവ് കൂടുതൽ അക്രമാസക്തനായി.
തുടർന്ന് ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ സാഹിൽ ഫിലിപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനൂജ് ഭാസ്‌കർ എന്നീ സേനാംഗങ്ങൾ കൂടി മുകളിലേക്ക് കയറി വരികയും ടിൻ ഷീറ്റിന് മുകളിൽ കൂടി ഓടിച്ചു മറ്റൊരു കെട്ടിടത്തിൽ ചാടിച്ച് അതിസാഹസികമായി ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

തുടർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി നിർത്തിയിരുന്ന ഇയാളെ അതീവ ശ്രമകരവും സാഹസികവുമായ ദൗത്യത്തിലൂടെയാണ് അഗ്നി രക്ഷാസേന കീഴ്‌പ്പെടുത്തിയത്.  ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ശിവകുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സാബു, ഗ്രേഡ് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രദീപ്, ഷിഹാബുദീൻ, സജിൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനൂജ് ഭാസ്‌കർ, അബ്ബാസി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ സാഹിൽ ഫിലിപ്പ്, ഹോം ഗാർഡ് അനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!