കൊല്ലം: എസ്എഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് വിൽപ്പനക്കാർ മുതൽ കൊടും ക്രിമിനലുകൾവരെയാണ് പടിഞ്ഞാറെ കല്ലട സിപിഎമ്മിന്റെ സംരക്ഷണയിൽ ഉള്ളതെന്നാണ് വിവരം. ഇവരെ കൊണ്ട് പാർട്ടി നേതൃത്വവും പ്രദേശവാസികളും പൊറുതിമുട്ടിയിരിക്കുകയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഡിവൈഎഫ്‌ഐക്കാർ പ്രതികളായ രണ്ട് സംഭവങ്ങളാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്ഷേത്രത്തിൽ കയറി ആക്രമണം നടത്തുകയും, ലൈബ്രറിയിൽ കയറി ഇടത് നേതാവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ പരാതി നൽകാൻ ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല. പാർട്ടി തലത്തിലും നടപടിക്ക് തയ്യാറായിട്ടില്ല. ഗ്രാമപഞ്ചായത്ത് അംഗമായ സിപിഎം നേതാവാണ് ഇവർക്ക് സംരക്ഷണം നൽകുന്നതെന്നാണ് പറയപ്പെടുന്നത്. ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് വലിയ അമർഷമുണ്ട്.
അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പശ്ചാത്തലം നോക്കാതെയാണ് ആളുകളെ പാർട്ടിയിൽ ചേർക്കാറുള്ളത്. പിന്നീട് ഇവർ ക്രിമിനലുകളാണെന്ന് വ്യക്തമായാലും നടപടി സ്വീകരിക്കാറില്ല. ഇവരിൽ ചിലർക്ക് പാർട്ടി ചുമതലകളുമുണ്ട്. ഇതിൽ എതിർപ്പ് ഉയർന്നാലും അത് അവഗണിക്കുകയാണ് നേതൃത്വം ചെയ്യാറുള്ളത്.
ക്രിമിനലുകളെ സംരക്ഷിക്കുന്നതിൽ മുറുമുറുപ്പ് തുടരുന്നതിനിടെയാണ് വനിതാ നേതാവിനെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് വിശാഖ് കല്ലട അറസ്റ്റിലാകുന്നത്. എന്നാൽ വിശാഖിനെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഉണ്ടാകുന്നത്. കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം നോതാക്കളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഇതിനായി നേതാക്കൾ പരാതിക്കാരിയെ സമീപിച്ചതായാണ് സൂചന.
അംഗങ്ങളിൽ കഞ്ചാവ് വിൽപ്പനക്കാർ മുതൽ ക്രിമിനലുകൾവരെ; ഡിവൈഎഫ്‌ഐ നേതാവിന്റെ അറസ്റ്റിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്
