വായു മലിനീകരണം:  ഇന്ത്യ ഗേറ്റിൽ പ്രതിഷേധം, പൊലീസിന് നേർക്ക് പെപ്പർ സ്‌പ്രേ, 15 പേർ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിലെ വായുമലിനീകരണ തോത് വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യ ഗേറ്റിൽ നടന്ന പ്രതിഷേധത്തിനിടെ 15 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്്തു. പ്രതിഷേധക്കാർ പൊലീസിന് നേർക്ക് പെപ്പർ സ്‌പ്രേ പ്രയോഗിച്ചു. ഇതേത്തുടർന്ന് സംഘർഷം രൂക്ഷമാവുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രകടനം ആംബുലൻസുകൾക്കും മെഡിക്കൽ ഉദ്യാഗസ്ഥർക്കും തടസം സൃഷ്ടിച്ചെന്ന് മുതിർന്ന പൊലീസുദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാര്യം പ്രതിഷേധക്കാരോട് സൂചിപ്പിച്ചു. എന്നാൽ ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു,പൊലീസുദ്യോഗസ്ഥൻ പറഞ്ഞു.

ഡൽഹി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം പൊതുജനാരോഗ്യത്തിന് അപകടകരമായി മാറിയിട്ടുണ്ടെന്നും മലിനീകരണത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നും ഡൽഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ പറഞ്ഞു. വായുവിന്റെ ഗുണനിലവാരം ഗുരുതരമായ അവസ്ഥയിൽ തുടരുകയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പകരം വാട്ടർ സ്പ്രിംഗളറുകൾ, ക്ലൗഡ് സീഡിങ് തുടങ്ങിയ നടപടികളെയാണ് സർക്കാർ ആശ്രയിക്കുന്നതെന്നും സംഘടന ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!