ഹൈദരാബാദ്: 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുന്നതില്‍ സത്യസായി ബാബയുടെ അനുഗ്രഹവും സഹായിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പുട്ടപര്‍ത്തിയില്‍ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് 2011 ലോകകപ്പ് ഓര്‍മ്മകള്‍ സച്ചിന്‍ പങ്കുവെച്ചത്.
‘ ഇതിന് മുന്‍പ് നിരവധി ലോകകപ്പുകള്‍ കളിച്ച എന്നെ സംബന്ധിച്ച് 2011 ലോകകപ്പ് അവസാന ലോകകപ്പായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങള്‍ ബംഗളൂരുവില്‍ ഒരു ക്യാമ്പിലായിരുന്നു. ആസമയത്ത് ബാബ തന്റെ പുസ്തകം നിങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അത് എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി,’- ടെണ്ടുല്‍ക്കര്‍ ഓര്‍മ്മിച്ചു. ഒരു നിര്‍ണായക നിമിഷത്തില്‍ ബാബയുടെ അനുഗ്രഹം സവിശേഷവും പ്രചോദനാത്മകവുമായി അനുഭവപ്പെട്ടുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ ലോകകപ്പ് ഞങ്ങളെ സംബന്ധിച്ച് ഏറെ സ്‌പെഷ്യല്‍ ആയി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ബാബയുടെ പുസ്തകം എനിക്ക് ആത്മവിശ്വാസവും ആന്തരിക ശക്തിയും നല്‍കി. ആ പുസ്തകം എന്റെ നിത്യ കൂട്ടാളിയായി,’- അദ്ദേഹം പങ്കുവെച്ചു. ‘എന്റെ കരിയറില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷം ആണ് ഇന്ത്യയുടെ ചരിത്ര വിജയം. 2011ല്‍ മുംബൈയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കളിച്ച് ആ ട്രോഫി ഉയര്‍ത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മുഴുവന്‍ രാജ്യവും ആഘോഷിക്കുകയായിരുന്നു. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ സുവര്‍ണ്ണ നിമിഷമായിരുന്നു അത്. മുഴുവന്‍ രാജ്യവും ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന അത്തരമൊരു അനുഭവം എന്റെ കരിയറില്‍ ഉണ്ടായിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ അഭ്യുദയകാംക്ഷികളുടെയും ഗുരുക്കന്മാരുടെയും എല്ലാറ്റിനുമുപരി ബാബയുടെ അനുഗ്രഹത്തിന്റെയും ഫലമായാണ് അത് സാധ്യമായത്’- സച്ചിന്‍ പറഞ്ഞു.
ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററായിരുന്നു സച്ചിന്‍. രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 53.55 ശരാശരിയില്‍ 482 റണ്‍സ് ആണ് സച്ചിന്‍ 2011 ലോകകപ്പില്‍ അടിച്ചുകൂട്ടിയത്.
