‘എസ്എഫ്‌ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്… കാവി കളസം പൊതുജനത്തിന് കാണേണ്ടി വരും’: എഐവൈഎഫ്

കാസർകോട് : പിഎം ശ്രീ പദ്ധതിയിൽ എസ്എഫ്‌ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്. എസ്എഫ്‌ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്. മുണ്ട് മടക്കി കുത്തേണ്ടി വന്നാൽ കാവി കളസം പൊതുജനത്തിന് കാണേണ്ടി വരുമെന്ന് എഐവൈഎഫ് കാസർകോട് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് പറഞ്ഞു. പിഎം ശ്രീക്കെതിരായ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു പരിഹാസം.

ഇടതുപക്ഷ നിലപാടുകൾക്കും നയങ്ങൾക്കുമെതിരായിട്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. മന്ത്രി ശിവൻകുട്ടിയുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി ഈ വിഷയത്തിൽ നയം വ്യക്തമാക്കിയതാണ്. ജനറൽ സെക്രട്ടറിക്ക് ബോധ്യമായ പ്രശ്‌നം ശിവൻകുട്ടിക്ക് ബോധ്യമാകാത്തത് എന്താണെന്നത് സംശയാസ്പദമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൽ സിലബസ് അടക്കമുള്ള കാര്യങ്ങളിൽ എഐവൈഎഫ് ആശങ്ക വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇന്ത്യയുടെ ചരിത്രത്തെയും ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെയും മാറ്റിനിർത്തിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ പഠിപ്പിക്കുന്നത്. സമൂഹത്തെ വാർത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസിന്‌റെ നയം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തെ എഐവൈഎസും എഐഎസ്എഫും എതിർക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!