വിജിലൻസിൽ വിവരാവകാശ വിലക്ക്: അഴിമതി പ്രോത്സാഹിപ്പിക്കാൻ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വിജിലൻസിൽ വിവരാവകാശ വിലക്ക് കൊണ്ടു വന്ന വിഡി സതീശൻ സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ.

മുഖ്യമന്ത്രി, മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ അഴിമതിക്കേസുകളിലെ രഹസ്യഫയലുകൾ കൈകാര്യം ചെയ്യുന്ന വിജിലൻസിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ പുതിയ വിജ്ഞാപനം ജനാധിപത്യവിരുദ്ധവും അഴിമതി പ്രോത്സാഹിപ്പിക്കാനുള്ള ഗൂഢശ്രമവുമാണ്.

ഇപ്പോൾ സർക്കാർ ഈ തീരുമാനത്തിലേക്ക് എത്തിയത് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരായ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയി രിക്കുന്നു. യുഡിഎഫ് സർക്കാരിലെ ചില മന്ത്രിമാരെയും മാസപ്പടി കേസിൽ നിന്നും സർക്കാരിന് രക്ഷിച്ചെടുക്കേണ്ടതുണ്ട്.

പുതിയ വിജ്ഞാപനത്തിന് പിന്നിൽ ഇത്തരം ലക്ഷ്യങ്ങളുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.ഏതൊക്കെ ഫയലുകളാണ് ടി വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം വിജിലൻസ് ഡയറക്ടർക്ക് നൽകിയിരിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഭരണനേതൃത്വത്തിന് താല്പര്യമുള്ളതും ഒളിച്ചുവെക്കേണ്ടതുമായ കേസുകൾ മാത്രം ബോധപൂർവ്വം രഹസ്യമാക്കി വെക്കാനുള്ള ഒരു കവചമായി ഇത് ദുരുപയോഗം ചെയ്യപ്പെടും.

2016-ൽ സമാനമായ രീതിയിൽ ടി വിഭാഗത്തെ ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കിയപ്പോൾ ഹൈക്കോടതി ഇടപെട്ട് സ്റ്റേ ചെയ്യുകയായിരുന്നു. ഹൈക്കോടതിയുടെ ഈ മുൻകാല നിലപാടുകളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ടാണ് സർക്കാർ ഇപ്പോൾ പഴയ തെറ്റ് ആവർത്തിക്കുന്നത്.

2016 ൽ ഉമ്മൻചാണ്ടി സർക്കാരും 2025ൽ പിണറായി സർക്കാരും വിജിലൻസിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തിലും കേസുകൾ മറച്ചുവെക്കുന്ന കാര്യത്തിലും ഇടതും വലതും രണ്ടല്ല ഒന്നാണെന്ന് അവർ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!