മുംബൈ : വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്ന് ജീവന്‍മരണ പോരാട്ടം. ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ മത്സരം. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. നവി മുംബൈയിലെ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ പകല്‍ മൂന്നിനാണ് മത്സരം.
ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യ, പിന്നീട് തുടര്‍ തോല്‍വി വഴങ്ങുകയായിരുന്നു. അവസാന മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യ അഞ്ച് കളിയില്‍ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇന്നും തോല്‍വി വഴങ്ങിയാല്‍ മറ്റു ടീമുകളുടെ ഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകള്‍.
നിലവില്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ സെമി ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡുമാണ് പ്രധാന പോരാട്ടത്തില്‍. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് മേധാവിത്വം ലഭിക്കും. തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും പാഠം പഠിച്ച് തിരിച്ചു വന്ന ന്യൂസിലന്‍ഡിനും സെമി സാധ്യത സജീവമാക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്.
ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യ നേരിടുന്ന പ്രശ്നം. ബാറ്റില്‍ സ്മൃതി മന്ധാനയും പന്തില്‍ ദീപ്തി ശര്‍മയുമാണ് മികവ് കാട്ടുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് അടക്കം മധ്യനിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് മറികടന്ന് ഓസ്ട്രേലിയ ഒന്നാമതെത്തി. പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയും വിജയം നേടി.
