‘കണ്ണട വീണു കിട്ടി, ആരും എടുക്കരുത്…സത്യസന്ധതയും പരസ്പരസഹകരണവും കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നു’…

കൂളിയാട് : സ്‌കൂള്‍ ബസില്‍ കയറുന്നതിനിടയില്‍ വഴിയില്‍ വീണുകിട്ടിയ കണ്ണട അതിന്റെ ഉടമസ്ഥന് തിരിച്ചുകിട്ടാന്‍ കുട്ടികള്‍ എഴുതിയ കത്ത് വൈറലാകുന്നു. ‘ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന്‍ വന്നു എടുത്തോളു.’-എന്നാണ് കുട്ടികള്‍ കത്തില്‍ എഴുതിയിരുന്നത്. കുട്ടികളുടെ നിര്‍മലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവായുള്ള ഈ കത്തും കത്ത് എഴുതിയ വിദ്യാര്‍ഥികളുടെ പേരും ചിത്രങ്ങളും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെ അഭിനന്ദനപ്രവാഹമാണ്.

കൂളിയാട് ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവര്‍ സ്‌കൂള്‍ ബസില്‍ കയറുന്നതിനിടയിലാണ് വഴിയില്‍ കണ്ണട വീണുകിട്ടിയത്. ‘അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവര്‍ക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു. ആദിയും, പാച്ചുവും, ശങ്കുവും നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്. വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്‌നേഹത്തിന്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ തന്നെയാണ് അതിന് തെളിവാകുന്നത്.’- ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കുറിപ്പ്:

‘സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികള്‍ നമ്മെ പഠിപ്പിക്കുകയാണ്.’

ചീമേനിയില്‍ സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോള്‍ ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവര്‍ സ്‌കൂള്‍ ബസില്‍ കയറുന്നതിനിടയില്‍ വഴിയില്‍ വീണുകിട്ടിയ ഒരു കണ്ണട അതിന്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാന്‍ എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.

ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന്‍ വന്നു എടുത്തോളു.’ ഈ വാക്കുകള്‍, കുട്ടികളുടെ നിര്‍മലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.

അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവര്‍ക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു.

ആദിയും, പാച്ചുവും, ശങ്കുവും നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്.

വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്‌നേഹത്തിന്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ തന്നെയാണ് അതിന് തെളിവാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!