തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോൾ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. ദൈവതുല്യരായ ആളുകൾ പിന്നിലുണ്ടെന്നാണ് പത്മകുമാർ സൂചിപ്പിച്ചത്.
‘വളരെ ഗുരുതരമാണ് സംഭവമെന്ന് തെളിഞ്ഞില്ലേ. ശബരിമലയിൽ നിന്നും മോഷണം നടത്തി ആർക്കും രക്ഷപ്പെട്ടു പോകാൻ കഴിയില്ലെന്നാണ് എന്റെ വിശ്വാസം. ഇങ്ങനെയൊക്കെയുള്ള ആൾക്കാർ നമ്മുടെയൊക്കെ പല ആളുകളുടെയും ഗുഡ്ബുക്കിൽ വരുന്നു എന്നതു സംബന്ധിച്ചും തിരിച്ചറിയാൻ വയ്യാത്ത കാര്യമാണ്. എന്റെ ഭരണകാലത്ത് എന്നു പറഞ്ഞാൽ, നമ്മൾ ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കിൽ ഞാനെന്തു ചെയ്യാൻ പറ്റും. ഞാനിപ്പോൾ അത്രയേ പറയുന്നുള്ളൂ”. പത്മകുമാർ അഭിപ്രായപ്പെട്ടു.
സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ പത്മകുമാർ, എൻ വാസു എന്നിവർ അറസ്റ്റിലായിരുന്നു. ശബരിമലയിലെ മുഖ്യ സ്‌പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല ഉദ്യോഗസ്ഥർ, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
