റിപ്പോര്‍ട്ടര്‍ ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്നും മോശം അനുഭവമുണ്ടായി;  വെളിപ്പെടുത്തലുമായി മുന്‍ റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍ കുമാര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് എതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ ഔദ്യോഗികമായി പരാതി നല്‍കാന്‍ ഭയക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും പലരും കരുണാരഹിതമായി ഈ ചോദ്യം ചോദിച്ചു. പരാതിക്കാരിയുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കാനോ, അവരുടെ വിഷമതകളും നേരിടുന്ന വെല്ലുവിളികളും മനസ്സിലാക്കാനോ ആരും തയ്യാറായില്ല. താന്‍ മുമ്പ് ജോലി ചെയ്തിരുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ അനുഭവം മുന്‍നിര്‍ത്തി അഞ്ജന അനില്‍കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തക പോസ്റ്റ് ചെയ്ത കുറിപ്പാണ് ഈ വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

പൊതുസമൂഹത്തില്‍ ഒരു പരാതിയുമായി വരാന്‍ പെണ്‍കുട്ടികള്‍ ഭയക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ടാകും, അത് പലതുമാകാമെന്ന് അഞ്ജന കുറിച്ചു. കേരളത്തിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ എല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷേ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഈ മാധ്യമ സ്ഥാപനങ്ങള്‍ക്കു ള്ളില്‍ നടക്കുമ്പോള്‍ എന്ത് നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത് എന്ന്് അവര്‍ ചോദിച്ചു.

‘ഈ കഴിഞ്ഞ മെയ് മാസത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനം ആവശ്യപ്പെട്ടത് കൊണ്ട് 3 ദിവസത്തെ ഡെപ്യൂട്ടേഷനില്‍ ന്യൂസ് ഡെസ്‌കില്‍ വരേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. ഡെസ്‌കില്‍ എത്തിയ ദിവസം അടുത്ത സുഹൃത്തായി കണ്ടിരുന്ന ഒരു വ്യക്തിയില്‍ നിന്നും അന്നേ ദിവസം മോശമായ ഒരു അനുഭവം എനിക്കുണ്ടായി. അപ്പോഴത്തെ ഞെട്ടലില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുഖം തരാതെ അയാള്‍ ഓടിപ്പോയി. ഇയാളെയാണോ ഇത്രയും നാള്‍ ഞാന്‍ നല്ല സുഹൃത്തായി കണ്ടത് എന്നതായിരുന്നു എന്റെ ചിന്ത. ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ന്യൂസ് ഡെസ്‌കിലെ എന്റെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേരോട് അന്ന് രാത്രി വിഷയം പറഞ്ഞു. പരാതി നല്‍കിയാലോ എന്നും ആലോചിച്ചു. പരാതി നല്‍കരുത് എന്നായിരുന്നു അവരുടെ ഉപദേശം.’ -അഞ്ജന കുറിച്ചു.

അഞ്ജന കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ തെന്നി വീഴുകയും അതുമൂലം വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടാവുകയും ചെയ്തിരുന്നു ‘കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ’ എന്നായിരുന്നു ചാനല്‍ തലപ്പത്തുള്ള ഒരു പ്രമുഖന്റെ മറുപടി എന്ന് അഞ്ജന കുറിച്ചു.

വിശ്രമമില്ലാത്ത ജോലി കാരണം പ്ലാസ്റ്ററില്‍ ഒതുങ്ങേണ്ട ചികിത്സ ശസ്ത്രക്രിയയിലേക്ക് നീണ്ടു. അടിയന്തര സര്‍ജറിക്കായി നാലുദിവസത്തെ അവധി ചോദിച്ചപ്പോള്‍, ‘നിലമ്പൂര്‍ ഇലക്ഷന്‍ കഴിയട്ടെ’ എന്നായിരുന്നു അടുത്ത മറുപടി. ബ്യൂറോ ചീഫിന്റെ ശകാരം സഹിക്കവയ്യാതെ പരാതി നല്‍കിയപ്പോള്‍ സ്ഥലം മാറ്റമായിരുന്നു ഫലം. ജോലി വിടാന്‍ നിര്‍ബന്ധിതമായ സാഹചര്യം അഞ്ജന കഴിഞ്ഞ ജൂണില്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.

മെഡിക്കല്‍ എമര്‍ജന്‍സി ആയിട്ടും തനിക്ക് അവധി തരാതിരുന്നതിന്റെ കാരണം എന്താണെന്ന് പിന്നീടാണ് മനസ്സിലായതെന്നും അഞ്ജന അനില്‍കുമാര്‍ തന്റെ പുതിയ പോസ്റ്റില്‍ കുറിച്ചു. പരാതി കൊടുക്കൂ എന്ന് പറയാന്‍ എളുപ്പമാണെന്നും പക്ഷേ പരാതി നല്‍കിയാലും അനുഭവിക്കേണ്ടിവരുന്നത് യുവതികള്‍ തന്നെയായിരിക്കുമെന്നും അഞ്ജന അഭിപ്രായപ്പെട്ടു.

പക്ഷേ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഈ മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുമ്പോള്‍ എന്ത് നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത് എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്. ‘മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ആരും ചര്‍ച്ച ചെയ്യാറില്ല. അതുകൊണ്ട് അത് ആരും അറിയാറുമില്ല.’ പലയിടത്ത് നിന്നും കെട്ടിട്ടുള്ള വാചകമാണ്. അതെല്ലാ രീതിയിലും ശരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!