പ്രവാചക കേശം.. ’94-ാം വയസിലും കള്ളം പറയുന്നത് തുടരുന്നു’.. കാന്തപുരത്തിനെതിരെ…

മലപ്പുറം : പ്രവാചക കേശം സംബന്ധിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്‌വി. പ്രവാചക കേശം എന്ന കാന്തപുരത്തിന്റെ വാദം വ്യാജമാണെന്ന് ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്നപ്പോള്‍ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞതാണ്. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി പദവി എന്നതും വ്യാജമാണ്. നബിദിനം അടുക്കുമ്പോഴുള്ള കച്ചവടമാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും നദ്‌വി ആരോപിച്ചു.

‘എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കൈവശമുള്ള കേശം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ ചര്‍ച്ചാ വിഷയമായതാണ്. സാമുദായിക, സാംസ്‌കാരിക രംഗത്തടക്കം ചര്‍ച്ചാ വിഷയമായതാണ്. പ്രവാചക തിരുമേനിയുടെ കേശത്തിന് ഇസ്‌ലാമിക കാഴ്ചപ്പാടിയില്‍ പവിത്രതയുണ്ട്. എന്നാല്‍ ആ കേശം ഒരാളുടെ കൈയില്‍ ഉണ്ടെങ്കില്‍ അയാളുടെ കൈവശം അതിന്റെ നിവേദത ശൃംഖല (ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും അയാളില്‍ നിന്ന് വേറെ ഒരാളിലേക്കും കൈമാറുന്നത്) ഉണ്ടാകണമെന്നതാണ് മുസ്‌ലിം ലോകത്ത് അംഗീകരിക്കപ്പെട്ട വ്യവസ്ഥ. 

അങ്ങനെ ഒരു ശൃംഖല അബൂബക്കര്‍ മുസ്‌ലിയാരുടെ കൈയിലുള്ള കേശത്തില്‍ ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം അത് കൊണ്ടുവന്നത് അബുദാബിയിലുള്ള ഒരു ഖജ്‌റജി കുടുംബത്തില്‍പ്പെട്ട ഒരാളുടെ കൈയില്‍ നിന്നാണ്. അയാളുടെ കൈയില്‍ ഇത്തരത്തില്‍ നിരവധി കേശങ്ങളുണ്ട് എന്ന് കണ്ടെത്തിയതാണ്.

കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ അയാളെ സന്ദര്‍ശിച്ചിട്ടുണ്ട്. അയാളുടെ മുടി അവതരണം വ്യാജമാണെന്ന് വ്യക്തമായതാണ്.വ്യാജം ചെയ്യുക, പറയുക, പ്രചരിപ്പിക്കുക എന്നത് കാന്തപുരത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. ഇപ്പോള്‍ 94 വയസായിട്ടും അദ്ദേഹം ആ നയത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. മനുഷ്യന്‍ മരണത്തോട് അടുക്കുമ്പോള്‍ വ്യാജം പറയുന്നതില്‍ നിന്ന് സ്വാഭാവികമായി മാറി നില്‍ക്കാറുണ്ട്’, ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!