പിള്ളേരോണം ഇന്ന്, 
തിരുവോണത്തിന് മുൻപത്തെ ഓണം…

കോട്ടയം : തിരുവോണത്തിന് മുമ്പായും ഒരോണമുണ്ട്. ഇപ്പോൾ അധികമാരുടെയും അറിവിലില്ലാത്ത എന്നാൽ, പഴമക്കാരുടെ ഓർമ്മകളിലെന്നും നിലനിൽക്കുന്ന ഒരോണം. അതാണ് പിള്ളേരോണം. ഈ വർഷത്തെ പിള്ളേരോണം ഇന്നാണ് . കർക്കടകത്തിലെ തിരുവോണം നാൾ ഇന്ന്. ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കർക്കടകമാസത്തിലെ തിരുവോണ നാളിൽ കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം.

കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷമാണ് പിള്ളേരോണം. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പ്.. കർക്കടകത്തിലെ തോരാ മഴമാറി പത്തുനാൾ വെയിലുണ്ടാവുമെന്നാണ് പഴമക്കാർ പറയുന്നത്. ഈ പത്താം വെയിലിലാണ് പിള്ളേരോണം എത്തുന്നത്. കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന
കാലത്ത് തറവാട്ടുകാരണവന്മാരാണ് പിള്ളേരോണം കേമമാക്കാൻ മുൻ കൈയെടുത്തിരുന്നത്.

തിരുവോണത്തിനുള്ളതു പോലെ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയ പൂക്കളം ഒരുക്കി പരിപ്പും പപ്പടവും ചേർത്ത് സദ്യ ഒരുക്കാറുണ്ട് . കുട്ടികളെ കോടി ഉടുപ്പിക്കും. മുറ്റത്തെ മാവിൻകൊമ്പിൽ ഊഞ്ഞാലിടും. തൊടിയിലെ പൂക്കളിറുത്ത് ചെറിയ പൂക്കളമെഴുതും. കൂട്ടുചേർന്നുള്ള കളികളും ഉണ്ടായിരുന്നു.
പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾ കൈകളിൽ മൈലാഞ്ചി അണിയുന്ന പതിവും ഉണ്ട്.

പിന്നീടുള്ള 27 ദിവസം കഴിഞ്ഞാൽ തിരുവോണ നാളായി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് പിള്ളേരോണം ആഘോഷിച്ചു വരുന്നത്. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നു. തിരുവാറന്മുളയപ്പന് ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായിപ്പോകുന്ന തിരുവോണത്തോണി നയിക്കുന്ന കുമാരനല്ലൂർ മങ്ങാട്ടില്ലത്തെ കുടുംബാംഗങ്ങൾ വ്രതാരംഭം തുടങ്ങുന്നതും പിള്ളേരോണദിവസം ആണത്രേ.

ചിങ്ങത്തിലെ തിരുവോണം മഹാബലിയുടേതും കർക്കടകത്തിലെ തിരുവോണം വാമനന്റേതുമാണെന്നാണ് വിശ്വാസം. പഴമക്കാർ കുട്ടികൾക്ക് നല്കിയിരുന്ന കരുതലിന്റെയും ഓണം ഗംഭീരമാക്കാനുള്ള മുന്നൊരുക്ക ത്തിന്റെയും അടയാളമാണ് പിള്ളാരോണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!