തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത; നേതാക്കളുടെ ജാതിപറഞ്ഞ് കത്ത്

തിരുവനന്തപുരം : സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയിലെ നേതാക്കളുടെ ജാതിപറഞ്ഞുള്ള കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈഴവവിഭാഗത്തിന് വേണ്ടപരിഗണന ലഭിക്കുന്നില്ലെന്നും നായര്‍വിഭാഗത്തിലെ നേതാക്കള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നുമാണ് കത്തിലെ ആരോപണം.

എന്നാല്‍, ഇത് മനപ്പൂര്‍വം പാര്‍ട്ടിയെ അവഹേളിക്കാനുള്ള ഗൂഢശ്രമമാണെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം, പാര്‍ട്ടിയിലെ ചിലനേതാക്കളുടെ മൗനസമ്മതത്തോടെയാണ് അഭ്യുദയകാംക്ഷി എന്നനിലയിലുള്ള കത്ത് പ്രചരിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ക്ഷണിതാക്കളടക്കം ജില്ലാ കൗണ്‍സിലിലെ 65 അംഗങ്ങളില്‍ 35 പേരും ഒരു സമുദായക്കാരാണെന്നും നിര്‍വാഹക സമിതിയില്‍ 18-ല്‍ 11 പേരും ഇതേ സമുദായത്തില്‍പ്പെട്ടവരാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍നിന്ന ഈഴവ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് പരാതി.

സി. ദിവാകരന്‍, കെ.പി. ശങ്കരദാസ് എന്നിവരെ പാര്‍ട്ടി വെട്ടിയൊതുക്കിയെന്നും പറയുന്നുണ്ട്. ഭരണപരമായ പദവികള്‍ ലഭിക്കുന്നതും ഒരു വിഭാഗത്തിലുള്ളവര്‍ ക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജില്ലാസമ്മേളനത്തിന് മുന്നോടിയായുള്ള ഈ പ്രചാരണം സ്ഥാനമാനങ്ങള്‍ക്കായാ ണെന്നാണ് മുതിര്‍ന്നനേതാക്കള്‍ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!