സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാർക്കും പെന്‍ഷന്‍ക്കാർക്കും സന്തോഷവാർത്ത; മെഡിസെപ്‌ പരിരക്ഷ 5 ലക്ഷമായി ഉയർത്തും…

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിനു മന്ത്രിസഭായോഗം അനുമതി നല്‍കി.

രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽനിന്ന് 5 ലക്ഷമായി ഉയർത്തും. 41 സ്പെഷാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പായ്ക്കേജിൽ ഉൾപ്പെടുത്തും. പോളിസി കാലയളവു നിലവിലുള്ള 3 വര്‍ഷത്തില്‍നിന്ന് 2 വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനവ് ഉണ്ടാകും.

മെഡിസെപ് ഒന്നാം ഘട്ടത്തിൽ കറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സകൾ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും.

കാൽമുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും. പദ്ധതിയില്‍ 10 ഇന ഗുരുതര / അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വയ്ക്കണം. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (പ്രതിദിനം 5000 രൂപ). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ.

സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിനു തത്വത്തിൽ അംഗീകാരം നൽകി.

മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിങ് നടപടികളിൽ പങ്കെടുപ്പിക്കും. നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!