ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

കോഴിക്കോട്: ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ് മോന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. എട്ടുലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. അന്‍പതിനായിരം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്.

ഇന്ന് വൈകീട്ടാണ് വില്ലേജ് ഓഫീസറുടെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. 1.62 ഏക്കര്‍ തരം മാറ്റുന്നതിനായി 8 ലക്ഷം രൂപയാണ് ഇയാള്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടത്. അതില്‍ ആദ്യഗഡു എന്നനിലയില്‍ അരലക്ഷം രൂപ കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനടുത്തെത്തി കൈമാറാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ പണം വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടുന്നത്.

എറണാകുളം കോതമംഗലം സ്വദേശിയാണ് പിടിയിലായ വില്ലേജ് ഓഫീസര്‍. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് തന്നെ ഇയാള്‍ നിരന്തരം കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരം വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇദ്ദേഹത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!