കോഴിക്കോട്: ബാങ്ക് കറൻസി നീക്കത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ കോഴിക്കോട് അസി.കമ്മീഷണർക്ക് സസ്‌പെൻഷൻ. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ടി. പി ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. ആരോപണം ഉയർന്നതിന് പിന്നാലെ ശ്രീജിത്തിനെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇതിൽ കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു സസ്‌പെൻഡ് ചെയ്തത്.
750 കോടി രൂപ മൈസൂരുവിൽ നിന്നും തെലങ്കാനവരെ കൊണ്ടുപോകുന്ന തിനിടെയായിരുന്നു സുരക്ഷാ വീഴ്ചയുണ്ടായത്. ക്യാഷ് എസ്‌കോർട്ട് ഡ്യൂട്ടിയ്ക്കായി റിസർവ് ബാങ്ക് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു ശ്രീജിത്തിന്റെ നേതൃത്വത്തിൽ പണം കൊണ്ടുപോയത്.
യൂണിഫോം ധരിച്ചില്ല, സർവ്വീസ് പിസ്റ്റൽ കൈവശം സൂക്ഷിച്ചില്ല, പണം നിറച്ച ട്രക്കുമായി യാത്ര ചെയ്യുമ്പോൾ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കിയ വാഹനത്തിൽ കൊണ്ടുപോയി എന്നിങ്ങനെയാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. സുരക്ഷാ വീഴ്ച, കടുത്ത കൃത്യവിലോപം, അച്ചടക്ക ലംഘനം, ഉത്തരവാദിത്വമില്ലായ്മ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും റിപ്പോർട്ടിൽ പറയുന്നു.
