ന്യൂഡല്‍ഹി: ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം. ശുഭാംശുവിന്റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബാംഗങ്ങള്‍ നിറകണ്ണുകളോടെ രാജ്യത്തിന് അഭിമാനമായ ബഹിരാകാശയാത്രികരെ വരവേറ്റു.
കയ്യില്‍ ത്രിവർണ പതാകയുമേന്തി അക്ഷമരായി കാത്തുനില്‍ക്കുന്ന ശുഭാംശുവിന്റെ മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മകൻ സുരക്ഷിതമായി തിരിച്ചെത്തിയെന്നും എല്ലാവർക്കും നന്ദിയെന്നും കുടുംബം പ്രതികരിച്ചു. ശുഭാംശുവിനെ കുറിച്ച് ഓർമിക്കുമ്ബോള്‍ അഭിമാനം തോന്നുകയാണ്. എല്ലാവർക്കും പ്രചോദനമാണ് അദ്ദേഹം. വരും തലമുറ ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നും ശുഭാംശുവിന്റെ പിതാവ് പറഞ്ഞു.
ദൗത്യം പൂർത്തിയാക്കിയുള്ള മകന്റെയും ക്രൂഅംഗങ്ങളുടെയും തിരിച്ചുവരവില്‍ കേക്ക് മുറിച്ചും മധുരം പങ്കിട്ടും കുടുംബം ആഘോഷിച്ചു. നിരവധി ആളുകളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
ശുഭാംശുവിന്റെ അനുഭവങ്ങള്‍ ഗഗൻയാൻ യാത്രയ്‌ക്ക് ഉപകാരപ്രദമായിരിക്കുമെന്ന് ഇസ്രോ അറിയിച്ചു. പേടകത്തില്‍ നിന്നും പുറത്തിറങ്ങുന്ന ശുഭാംശുവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും തന്റെ സഹപ്രവർത്തകരെയും മുഴുവൻ ഭാരതീയരെയും ശുഭാംശു അഭിവാദ്യം ചെയ്തു.
ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂര്‍ത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം
