ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. രാജ്യത്തെ 17 റെയിൽവേ സോണുകളിലും വിവിധ ഉൽപാദന യൂണിറ്റുകളിലുമായി സിഗ്നൽ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഉൾപ്പെടെ 51 വിഭാഗങ്ങളിലെ ടെക്നിക്കൽ തസ്തികകളിലായി 6,374 ഒഴിവുകൾ നികത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ഒഴിവുകളിലേക്ക് കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ അംഗീകാരം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രാലയം എല്ലാ സോണൽ റെയിൽവേകളെയും അറിയിച്ചു
ബെംഗളൂരുവിലെ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) ചെയർമാനുമായി കൂടിയാലോചിച്ച് 51 വിഭാഗങ്ങളിലെയും ഒഴിവുള്ള തസ്തികകൾ പരിഷ്കരിക്കാനും ഓൺലൈൻ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യാനും മന്ത്രാലയം എല്ലാ സോണുകൾക്കും നിർദ്ദേശം നൽകി. ഇന്ത്യൻ റെയിൽവേ എസ് & ടി മെയിന്റനേഴ്‌സ് സിഗ്നൽ ആൻഡ് ടെലികോം യൂണിയൻ (ഐആർഎസ്ടിഎംയു) റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് രാജ്യത്തെ റെയിൽവേ സംവിധാനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് ഐആർഎസ്ടിഎംയു അഭിപ്രായപ്പെട്ടു.
നേരത്തെ, സിഗ്നൽ, ടെലികോം മെയിന്റനൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഗ്രൂപ്പ് സി തസ്തികകളിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സിഗ്നൽ, ടെലികോം വകുപ്പുകളിലെ ഒഴിവുകൾ നികത്തണമെന്ന് ചൂണ്ടിക്കാട്ടി ഐആർഎസ്ടിഎംയു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു. സിഗ്നൽ, ടെലികോം വകുപ്പിലെ അവസാന നിയമനം 2017 ലാണ് നടന്നതെന്നും എട്ട് വർഷമായി ആയിരക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഐആർഎസ്ടിഎംയു ജനറൽ സെക്രട്ടറി അലോക് ചന്ദ്ര പ്രകാശ് ജൂൺ 3 ന് എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാം…6,374 ഒഴിവുകൾ നികത്താൻ റെയിൽവേ മന്ത്രാലയം
