കെസി വേണുഗോപാലിന്‍റെ ട്യൂഷൻ കേരളത്തിനാവശ്യമില്ല..രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിയുടെ ഏജന്‍റ് പണിയാണ് ചെയ്യുന്നത്

ആര്‍എസ്എസ് ബന്ധത്തെച്ചൊല്ലിയുള്ള സിപിഎം കോണ്‍ഗ്രസ് വാക്പോര് തുടരുന്നു. സുന്ദരയ്യയുടെ രാജിക്കത്തിലെ പരാമര്‍ശം മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ച കെസി വേണുഗോപാലിന് മറുപടിയുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി.

രാജസ്ഥാനിൽ നിന്നുള്ള തന്‍റെ  രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിക്ക് ദാനം നൽകിയ എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയുടെ “ട്യൂഷൻ” മതനിരപേക്ഷ കേരളത്തിനാവശ്യമില്ലെന്ന് മുഹമ്മദ് റിയാസ്   പറഞ്ഞു. ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ “കൈ” സഹായം നൽകിയവർ ബിജെപിയുടെ ഏജന്റ് പണിയാണു ചെയ്യുന്നതെന്ന് സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ പോലും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.

രാജസ്ഥാനിലെ രാജ്യസഭാ സീറ്റിൽ പിന്നീട് വിജയിച്ച ബിജെപിയുടെ രവനീത് സിംഗ് ബിട്ടു നിലവിൽ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ്‌. ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറിക്കായിരുന്നു വെന്ന് അവിടത്തെ കോൺഗ്രസ്സ് നേതാക്കൾ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. ഏതായാലും മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്തു തന്നെ കൊണ്ടിട്ടുണ്ടെന്നും മുഹമ്മദ്  റിയാസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!