കൊച്ചി: നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ അറിയിച്ചു. അൻസിബ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്നും ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രമുഖ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് മുഖേനയായിരിക്കും അൻസിബയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യുക.
താൻ പറയാത്ത കാര്യങ്ങളാണ് അൻസിബ പ്രചരിപ്പിക്കുന്നതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. “എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ രീതിയിലാണ് അൻസിബ സംസാരിച്ചത്. എന്റെ 10 വയസ്സുള്ള മകളെയും ഭർത്താവിനെയും മോശമായി അധിക്ഷേപിച്ചു,” ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. ‘അമ്മ’ സംഘടനയിൽ വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചതാണ് അൻസിബയെ ട്രിഗർ ചെയ്തതെന്നും, ‘അമ്മ’ എന്നത് ഒരു ചാരിറ്റി ട്രസ്റ്റായതിനാൽ എവിടെ നിന്നും സംഭാവന സ്വീകരിക്കാമെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
അതേസമയം, ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കും എതിരെ അൻസിബ ഹസൻ നൽകിയ പരാതി വ്യാജമാണെന്ന രീതിയിലുള്ള പൊലീസ് റിപ്പോർട്ട് പുറത്തുവന്നു. വനിതാ എസ്ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് വ്യാജ പരാതിയുടെ മറവിൽ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. എന്നാൽ അൻസിബയെ എസ്ഐ രേഷ്മ മാനസികമായി പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടൊപ്പം അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയും വലിയ ഗൗരവമുള്ളതല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ തൃക്കാക്കര എസിപിയോട് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് അൻസിബ, ലക്ഷ്മിപ്രിയ, വനിതാ എസ്ഐ രേഷ്മ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് കേസിൽ കഴമ്പില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. എന്നാൽ പൊലീസിന് മുന്നിലുള്ള തർക്കങ്ങൾ അവസാനിക്കുമ്പോഴും കോടതിയിലൂടെ അൻസിബയെ നേരിടാനുറച്ച് മുന്നോട്ട് പോവുകയാണ് ലക്ഷ്മിപ്രിയ.
