പഴയന്നൂർ ഭഗവതീക്ഷേത്രത്തിലെ സ്വർണ്ണക്കിരീടം കാണാനില്ല; നഷ്ടമായത് അമൂല്യ രത്നങ്ങൾ പതിച്ച ലക്ഷങ്ങൾ വിലയുള്ള കിരീടം..

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പഴയന്നൂർ ഭഗവതീക്ഷേത്രത്തിൽ സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി. അമൂല്യ രത്നങ്ങൾ പതിച്ച കിരീടമാണ് കാണാതായത്. ഇതിന് ലക്ഷക്കണക്കിന് വിലവരുമെന്നാണ് നിഗമനം. പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് കിരീടം നഷ്ടമായെന്ന് കണ്ടെത്തിയത്. തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു

കോഴി ക്ഷേത്രം എന്നറിയപ്പെടുന്ന പഴയന്നൂർ ഭഗവതീക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണക്കിരീടമാണ് കാണാതായത്. ഏകദേശം 15 ഗ്രാം തൂക്കം വരുന്നതും കല്ലുകൾ പതിച്ചതുമായ ഈ കിരീടം, ക്ഷേത്രത്തിൽ പുതുതായി ചുമതലയേറ്റ ദേവസ്വം ഓഫീസർ സച്ചിൻ, പണ്ടം പാത്ര രജിസ്റ്റർ പരിശോധിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അമൂല്യ രത്നങ്ങൾ പതിച്ച കിരീടത്തിന് ലക്ഷക്കണക്കിന് രൂപ വിലവരുമെന്നാണ് എന്നാണ് നിഗമനം

പുതിയ ദേവസ്വം ഓഫീസർമാർ ചുമതലയേൽക്കുമ്പോൾ, ക്ഷേത്രത്തിലെ സ്ഥാവര ജംഗമ വസ്തുക്കളും രേഖകളും പരിശോധിക്കുന്നത് പതിവാണ്. ഈ നടപടിക്രമത്തിന്റെ ഭാഗമായി ദേവസ്വം ഗോൾഡ് അപ്രൈസർ കണക്കുകൾ തിട്ടപ്പെടുത്തിയപ്പോഴാണ് രജിസ്റ്ററിലുള്ള സ്വർണ്ണക്കിരീടം  കാണുന്നില്ലെന്ന് വ്യക്തമായത്. സംഭവത്തെ തുടർന്ന്, ദേവസ്വം ഓഫീസർ സച്ചിൻ നൽകിയ പരാതിയിൽ ദേവസ്വം വിജിലൻസ് ക്ഷേത്രത്തിൽ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു. നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസർ അവധിയിൽ പ്രവേശിച്ചതിനെത്തുടർന്നാണ് സച്ചിനെ പുതിയ ഓഫീസറായി ദേവസ്വം നിയമിച്ചത്

ദേവസ്വം വിജിലൻസ് ഓഫീസറായ അസിസ്റ്റന്റ് കമ്മീഷണർ ഷീജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രത്തിൽ പരിശോധന നടത്തുന്നത്. കിരീടം എങ്ങനെ നഷ്ടപ്പെട്ടു, സംഭവത്തിന് പിന്നിൽ ആരെല്ലാമാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!