രവീന്ദ്രനാഥ ടാഗോറിന്റെ കുടുംബവീട് തല്ലിത്തകർത്തു;  സ്മാരകം അടച്ചു…

സിർഗഞ്ച് (ബംഗ്ലാദേശ് ) : മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കുടുംബവീടിനു നേരേ ആക്രമണം. ബംഗ്ളാദേശിലെ സിർഗഞ്ചിലെ ഷാജാദ്‌പൂരിലുള്ള വസതിയാണ് അക്രമികൾ തല്ലിതകർത്തത്. ടാഗോറിന്റെ കുടുംബവീടായ രബീന്ദ്ര കച്രിബാരി ബംഗ്ലാദേശിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ്. എന്നാൽ, സംഘടിച്ചെത്തിയ ഒരുകൂട്ടം ആളുകൾ ടാഗോറിനെതിരെ മുദ്രാവാക്യം വിളിക്കുകയും വീടിന്റെ ജനാലകളും നൂറ്റാണ്ട് പഴക്കമുള്ള കസേരകളുമെല്ലാം അടിച്ചുതകർക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ സ്മാരകത്തിലേക്ക് ജനങ്ങൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകും വരെ സ്മാരകം അടച്ചിടുകയാണെന്ന് സ്മാരകത്തിന്റെ കസ്‌റ്റോഡിയനായ ഹൈബർ റഹ്‌മാൻ വ്യക്തമാക്കി. സ്മാരകം തൽക്കാലത്തേക്ക് അടച്ചതായാണ് ബംഗ്ളാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വാഹനപാർക്കിംഗിന്റെ പേരിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ടാഗോറിന്റെ കുടുംബവീടായ രബീന്ദ്ര കച്രിബാരി കാണാനെത്തിയ ഒരാളും കുടുംബവും അധികൃതരോട് വഴക്കായി. അവരെ അധികൃതർ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്‌തതായാണ് വിവരം. തുടർന്ന് പ്രദേശവാസികൾ പ്രതിഷേധിക്കുകയും തങ്ങളുടെ അതൃപ്‌തി വ്യക്തമാക്കുകയും ചെയ്‌തു. പ്രതിഷേധം ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് സ്മാരകം നശിപ്പിക്കുകയും സ്ഥാപന ഡയറക്‌ടർമാരിൽ ഒരാളെ മർദ്ദിക്കുകയും ചെയ്‌തു.

ഇതോടെ സ്ഥാപനത്തിന്റെ കസ്‌റ്റോഡിയനായ ഹൈബർ റഹ്‌മാനാണ് സ്‌മാരകം ഇനിയൊരറിയിപ്പുണ്ടാകും വരെ അടച്ചതായി പ്രഖ്യാപിച്ചത്. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. ടാഗോർ ഈ വീട്ടിൽ താമസിച്ചാണ് വിവിധ കൃതികളെഴുതിയത് എന്നാണ് പറയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!